തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വക്കേറ്റ് ബെയിലിന്‍ ദാസ് ജയിലില്‍ തന്നെ തുടരും. ബെയിലിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേട്ട കോടതി ഉത്തരവ് പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. അതേസമയം, ബാര്‍ അസോസിയേഷനിലെ ഭൂരിപക്ഷവും വസ്തുതകള്‍ മനസിലാക്കാതെ തനിക്കെതിരെ കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് മര്‍ദ്ദനത്തിനിരയായ ശ്യാമിലി പറഞ്ഞു.
അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ റിമാന്‍ഡിലായതിന്റെ പിറ്റേദിവസം തന്നെ പരിഗണനയ്ക്ക് വന്ന ബെയിലിന്‍ ദാസിന്റെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. കേസിലെ സാക്ഷികള്‍ ബെയിലിന്‍ ദാസിന്റെ തന്നെ ഓഫീസിലുള്ളവരാണെന്നും ജാമ്യം നല്‍കിയാല്‍ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, പ്രതിക്ക് ലൈംഗിക ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു ബെയിലിനിന്റെ പ്രധാനവാദം. തര്‍ക്കത്തിനിടയില്‍ ബെയിലിന് മര്‍ദ്ദനമേറ്റെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. രണ്ട് ഭാഗങ്ങളും കേട്ട കോടതി ഹര്‍ജി തിങ്കളാഴ്ച വിധി പറയാന്‍ മാറ്റി. അതേസമയം, ബെയിലിനെ പിന്തുണച്ച് ഒരുകൂട്ടം അഭിഭാഷകര്‍ തനിക്കെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ട ശബ്ദസന്ദേശത്തില്‍ ശ്യാമിലി കുറ്റപ്പെടുത്തി. തനിക്ക് പറ്റിയത് എന്താണെന്ന് തന്റെ മുഖത്തുണ്ടെന്നും ശ്യാമിലി പറയുന്നത്. ശബ്ദസന്ദേശം പുറത്തുവിട്ടത് താന്‍ അല്ലെന്ന് ശ്യാമിലി പറഞ്ഞു.