പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നു ജോലി സമയം പൂർത്തിയാകും മുൻപ് പുറത്തു പോകാൻ ഒരുങ്ങിയ ഡോക്ടറെ നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിൽ സിപിഎം അംഗങ്ങളായ ജനപ്രതിനിധികൾ തടഞ്ഞു. സൂപ്രണ്ടിന്‍റെ ചുമതല വഹിക്കുന്ന ഡോ. ഡോ.ഷിജിൻ പാലാടനെയാണു നഗരസഭാ കൗൺസിലർമാർ തടഞ്ഞുവച്ചത്.
താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തെ ചൊല്ലി പരാതികൾ ആവർത്തിക്കുന്നതിനിടെയാണു സൂപ്രണ്ടിന്‍റെ ചുമതല വഹിക്കുന്ന ഡോക്ടർക്കെതിരെയുള്ള സിപിഎം അംഗങ്ങളുടെ പ്രതിഷേധം. സർജൻ കൂടിയായ ഡോ.ഷിജിൻ പാലാടനെ ഉച്ചകഴിഞ്ഞു മൂന്നോടെ ആശുപത്രി കവാടത്തിന് മുന്നിൽ ജനപ്രതിനിധികൾ തടയുകയായിരുന്നു. കൃത്യ സമയത്ത് ജോലിക്കു ഹാജരാകാത്ത ഡോക്ടർ സമയപരിധി തീരും മുൻപേ ആശുപത്രി വിടുകയാണെന്നാണ് ആരോപണം.
രാവിലെ 11.30നാണ് ഡോക്ടർ ആശുപത്രിയിലെത്തിയതെന്നും 5 മണിക്കൂർ പോലും ജോലി ചെയ്യാതെ 3 മണിയോടെ തിരിച്ചുപോകാനൊരുങ്ങിയപ്പോഴാണ് തടഞ്ഞതെന്നും ജനപ്രതിനിധികൾ. നഗരസഭാധ്യക്ഷയും ഉപാധ്യക്ഷനും ജില്ലാ മെഡിക്കൽ ഓഫിസറുമായി ഫോണിൽ ബന്ധപ്പെട്ട് ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു ലഭിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ജോലിക്കു വൈകിയെത്തിയത് മേലധികാരികളുടെ അനുമതിയോടെയാണെന്നും ചുമതല ഏറ്റെടുക്കാൻ ആരുമില്ലാത്തതിനെ തുടർന്ന് തന്‍റെ താൽപര്യമില്ലാതെയാണ് സൂപ്രണ്ട് ചുമതല തന്നെ ഏൽപ്പിച്ചതെന്നും ഡോക്ടർ വിശദീകരിച്ചു.