കഴിഞ്ഞ ആഴ്ച നടത്തിയ പൊലീസ് തലപ്പത്തെ അഴിച്ചുപണി റദ്ദാക്കി മുഖ്യമന്ത്രിയുടെ അസാധാരണ തിരുത്ത്. എം.ആർ.അജിത്ത് കുമാറിനെ എക്സൈസ് കമ്മീഷണറാക്കിയത് ഉൾപ്പടെയുള്ള മാറ്റങ്ങളാണ് റദ്ദാക്കിയത്. അജിത് കുമാർ ബറ്റാലിയൻ എഡിജിപിയായി തുടരണം. സ്ഥലംമാറ്റപ്പെട്ട എഡിജിപി, ഐജി റാങ്കിലെ ഉദ്യോഗസ്ഥർ അസൗകര്യം മുഖ്യമന്ത്രിയെ നേരിട്ടറിച്ചതോടെയാണ് മുഖ്യമന്ത്രി തിരുത്തിന് തയാറായത്. ഇതോടെ മഹിപാൽ യാദവ് എക്സൈസ് കമ്മീഷണറായും ബൽറാം കുമാർ ഉപാധ്യായ ജയിൽ മേധാവിയായും തുടരും.
ക്രമസമാധാന ചുമതലയുള്ള എഡിജിപി വെങ്കിടേഷിന് ക്രൈം ബ്രാഞ്ചിന്‍റെ ചുമതല നൽകി. സൈബർ ഓപ്പറേഷൻസ് ചുമതല എസ് ശ്രീജിത്തിനും നൽകി. ജി സ്പർജൻ കുമാർ ക്രൈം ബ്രാഞ്ച് ഐജിയാകുമ്പോൾ കെ സേതുരാമൻ പൊലീസ് അക്കാഡമിയിൽ തുടരും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉദ്യോഗസ്ഥരോട് ആലോചിക്കാതെയായിരുന്നു ആദ്യ അഴിച്ചു പണി നടത്തിയത്. ഇതാണ് അതൃപ്തിക്കും തിരുത്തിനും കാരണമായത്.