wayanad-heavy-rain-warnings-issued-kerala

TOPICS COVERED

സംസ്ഥാനത്ത് മെയ് 20 മുതല്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. കര്‍ണാടക തീരത്തിന് സമീപം അറബിക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തേക്കും. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി  മെയ് 21 ഓടെ ചക്രവാത ചുഴി രൂപപ്പെട്ട് മെയ് 22 ഓടെ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഞായറാഴ്ച മുതല്‍ കേരളത്തില്‍ വ്യാപകമായ മഴ ലഭിക്കും. തുടർന്ന് വടക്കു ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 20 മുതല്‍ അതിശക്തമായ മഴയ്ക്കും മെയ് 18 മുതൽ 21 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യയുണ്ട്. 

അതേസമയം കാലവര്‍ഷം കന്യാകുമാരി മേഖലയിലേക്ക് എത്തിയതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ആഴ്ചയോടെ കേരളത്തിലേക്കും മണ്‍സൂണെത്താനിടയുണ്ട്. തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കന്യാകുമാരി മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിലും ആൻഡമാൻ ദ്വീപുകൾ, ആൻഡമാൻ കടൽ എന്നിവയുടെ ശേഷിക്കുന്ന ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. 

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്: 20/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

യെലോ അലർട്ട്

18/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

19/05/2025: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

20/05/2025: തൃശൂർ, പാലക്കാട്, മലപ്പുറം

21/05/2025: കോഴിക്കോട്, കണ്ണൂർ, കാസർകോട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്

(കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. അപ്ഡേറ്റുകള്‍ക്കായി ദുരന്ത നിവാരണ അതോറിറ്റിയുടെ ഫെയ്സ്‌ബുക്ക്, എക്സ് പേജുകള്‍ പരിശോധിക്കുക)

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.നദിക്കരകൾ, അണക്കെട്ടുകളുടെ താഴ്ന്നപ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാനുള്ള സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്. സ്വകാര്യ- പൊതു ഇടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുക.

ദുരന്ത സാധ്യതാ മേഖലയിലുള്ളവർ എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കേണ്ടതാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂറും താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ENGLISH SUMMARY:

The India Meteorological Department (IMD) has forecast widespread heavy rainfall in Kerala starting May 20. A cyclonic circulation is likely to form over the east-central Arabian Sea near the Karnataka coast by May 21 and intensify into a low-pressure system by May 22. Isolated heavy rainfall is also expected from May 18 to 21, with a significant increase in intensity beginning Sunday. The system may strengthen further as it moves northward, according to IMD.