കേസ് ഒഴിവാക്കാന്‍ കൊല്ലത്തെ കശുവണ്ടി വ്യവസായിയോട് വന്‍തുക കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ ഇ.ഡി ഉന്നത ഉദ്യോഗസ്ഥന്‍ ഒന്നാം പ്രതി. കൊച്ചി ഇഡി ഒാഫിസിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ ഏജന്‍റുമാരെ ഉപയോഗിച്ച് പണം വാങ്ങിയെന്നാണ് പരാതി. ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കേസുകള്‍ ഈ ഉദ്യോഗസ്ഥന്‍ അന്വേഷിച്ചിരുന്നു. ഏജന്‍റുമാര്‍ക്ക് ഇ.ഡിയുടെ അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിനെ വിജിലന്‍സ് അറസ്റ്റു ചെയ്തു.
ഇ.ഡി കേസില്‍ നിന്ന് ഒഴിവാക്കാന്‍ കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായിയോട് രണ്ട് കോടി രൂപ ആവശ്യപ്പെട്ട തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുകേഷ് കുമാര്‍ എന്നിവരെ വിജിലന്‍സ് വ്യാഴാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കൊച്ചി ഇ.ഡി ഒാഫിസിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ശേഖര്‍കുമാറിനെ ഒന്നാം പ്രതിയാക്കിയത്.
വില്‍സണിനെയും മുകേഷിനെയും ചോദ്യം ചെയ്തതില്‍ നിന്നും മൊബൈല്‍ ഫോണുകളും ബാങ്കിടപാടുകളും പരിശോധിച്ചശേഷമാണ് ശേഖര്‍കുമാറിനെ പ്രതിയാക്കിയത്. കശുവണ്ടി വ്യവസായ സ്ഥാനപത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജരേഖകള്‍ ഉപയോഗിച്ച് കണക്കുകളില്‍ കൃത്രിമം നടത്തിയെന്നും കാട്ടി 2024ല്‍ കൊച്ചി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് വ്യവസായിക്ക് സമന്‍സ് അയച്ചിരുന്നു. കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശേഖര്‍കുമാര്‍ നിര്‍ദേശിച്ച മുംബൈയിലെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് രണ്ട് കോടി രൂപ ഇടാന്‍ ആവശ്യപ്പെട്ട് വില്‍സണ്‍ സമീപിച്ചുവെന്നാണ് വ്യവസായി പറയുന്നത്.
ഇ.ഡി ഒാഫീസുമായുള്ള തന്‍റെ ബന്ധം തെളിയിക്കാന്‍ ഒാഫിസില്‍ നിന്ന് സമന്‍സ് അയപ്പിക്കാമെന്ന് വില്‍സണ്‍ പറഞ്ഞു. ഈ മാസം 14ന് സമന്‍സ് ലഭിക്കുകയും ചെയ്തു. കൈക്കൂലിപ്പണത്തിന്‍റെ ആദ്യ ഗഡുവായി രണ്ടു ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് വില്‍സണും മുകേഷും അറസ്റ്റിലായതും ഉന്നത ഇ.ഡി ഉദ്യോഗസ്ഥന്‍ പ്രതിയായ അപൂര്‍വ കേസിലേയ്ക്ക് അന്വേഷണം വികസിച്ചതും.