ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ മുക്കിയിട്ടില്ലെന്ന മുദ്രാവാക്യത്തില്‍ പ്രതിരോധത്തിലായി യൂത്ത് കോണ്‍ഗ്രസ്. മുദ്രാവാക്യം സിപിഎം വലിയ ആയുധമാക്കിയതോടെയാണ് യൂത്ത് കോണ്‍ഗ്രസ് വെട്ടിലായത്. മുദ്രാവാക്യം തള്ളിപ്പറയാൻ യൂത്ത് കോൺഗ്രസ് തയാറായില്ല. അതേ സമയം, ധീരജിനെ കുത്തിയ കത്തി ഇപ്പോഴുമുണ്ടെങ്കില്‍ ഞങ്ങളെ കൂടി കൊല്ലട്ടെയെന്ന് ധീരജിന്‍റെ അച്ഛന്‍ മനോരമ ന്യൂസിനോട് പറഞ്ഞു
മലപ്പട്ടത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ നയിച്ച പ്രതിഷേധ പ്രകടനത്തിലാണ് ഈ മുദ്രാവാക്യം മുഴങ്ങിക്കേട്ടത്.. ഇതിന് പിന്നാലെയാണ് ധീരജിന്‍റെ അച്ഛന്‍ രാജേന്ദ്രന്‍ തന്നെ രംഗത്തുവരുന്നത്. കുടുംബത്തെ കൂടുതല്‍ ദുഖത്തിലേക്ക് തള്ളിവിടുകയാണ് കോണ്‍ഗ്രസെന്നും ധീരജിന്‍റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ഇനിയും പറയാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും രാജേന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മുദ്രാവാക്യത്തെ തള്ളിപ്പറയാൻ തയാറാകാതിരുന്ന സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയെ വിമർശിച്ചു. പ്രകടനത്തിൽ ഒരാൾ വിളിക്കുന്ന മുദ്രാവാക്യം പോലെയാണോ പുഷ്പചക്രം വെക്കുമെന്ന് ജില്ലാ സെക്രട്ടറി പറയുന്നത് എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാദം. മലപ്പട്ടത്തെ ഗാന്ധി സ്തൂപം തകര്‍ത്തത് സിപിഎമ്മാണെന്ന് ആരോപിച്ച് വിഷയം കത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍, അതിനെതിരെ ധീരജ് വിഷയത്തിലെ കൊലിവളി മുദ്രാവാക്യമാണ് സിപിഎം എടുത്തുപയോഗിക്കുന്നത്. മുദ്രാവാക്യത്തിനെതിരെ എസ്എഫ്ഐ കണ്ണൂരിൽ ഇന്നും പ്രതിഷേധ പ്രകടനം നടത്തി.