തിരുവനന്തപുരത്തുകാർ വർഷങ്ങളായി കാത്തു കാത്തിരുന്ന സ്മാർട്ട് റോഡുകളുടെ നിർമ്മാണം പൂർത്തിയായി. ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി നിർവഹിക്കും. 180 കോടി രൂപ ചെലവഴിച്ചാണ് തലസ്ഥാനത്തെ 12 റോഡുകൾ സ്മാർട്ടാക്കിയത്.
ചില്ലറ ചീത്തപ്പേര് അല്ല തലസ്ഥാനത്തെ സ്മാർട്ട് റോഡ് വികസനം കോർപ്പറേഷനും സർക്കാരിനും ഉണ്ടാക്കി കൊടുത്തത്. പദ്ധതിക്കായി കുണ്ടും കുഴിയുമായ റോഡുകളിലൂടെ വർഷങ്ങൾ ജനം നടുവൊടിച്ചു. എല്ലാം സഹിച്ച ജനത്തിന് ഉദ്ഘാടനം കാത്തു നിൽക്കുന്ന റോഡുകൾ കാണുമ്പോൾ വലിയ ആശ്വാസമാണ്.
റൺവേ പോലെ ടാര്‍ ചെയ്ത റോഡ്. മീഡിയനില്‍ കളര്‍ഫുള്‍ ബാരിക്കേഡുകള്‍, ഇരുവശത്തും ടൈലുകൾ പാകിയ നടപ്പാത. വിളക്കുകള്‍. എല്ലാത്തിനും ഉപരി റോഡിന് മുകളിൽ വൈദ്യുതി ലൈൻ ഉൾപ്പെടെ ഒന്നും കാണാനില്ല. എല്ലാം റോഡിനടിയിലെ അണ്ടർ ഗ്രൗണ്ട് ഡക്ടിലാണ്. നടപ്പാതയോട് ചേർന്നുള്ള ഗ്രീൻ ലൈൻ സൈക്കിൾ ട്രാക്കാണ് എന്ന പ്രത്യേകതയുമുണ്ട്. കുടിവെള്ളത്തിനോ സ്വീവേജ് ലൈനിനോ വേണ്ടി നിരന്തരം റോഡ് വെട്ടിപ്പൊളിക്കുന്ന ഏർപ്പാടും സ്മാർട്ട് റോഡിൽ ഇല്ല. കേന്ദ്രത്തിന്‍റെയും കേരളത്തിന്‍റെയും 488 കോടി വീതമടങ്ങിയ 1135 കോടിയുടെതാണ് തലസ്ഥാനത്തെ സ്മാർട്ട് സിറ്റി വികസന പദ്ധതി.