തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ശിക്ഷാവിധി വന്നത് കഴിഞ്ഞ ദിവസമാണ്. ഏകപ്രതിയായ കേഡല്‍ ജീന്‍സണ്‍ രാജയെ ജീവപര്യന്തം തടവിന് പുറമെ പന്ത്രണ്ട് വര്‍ഷം തടവിനും 15 ലക്ഷം രൂപ പിഴയ്ക്കുമാണ് ശിക്ഷിച്ചത്. വിധിക്ക് ശേഷം പൊലീസിനും പ്രോസിക്യൂഷനും വിവിധയിടങ്ങളില്‍ നിന്ന് അഭിനന്ദനം ലഭിച്ചിരുന്നു.
2017 ഏപ്രലിലാണ് നന്തന്‍കോട് കൂട്ടക്കൊല നടന്നത്. അന്ന് ലോക്നാഥ് ബെഹ്റയായിരുന്നു സംസ്ഥാന പൊലീസ് മേധാവി. കുറ്റകൃത്യം നടന്ന വീട് സന്ദര്‍ശിച്ച ലോക്നാഥ് ബെഹ്റ അന്വേഷണത്തില്‍ ഇടപെടുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. വിധി വന്നതിന് പിന്നാലെ നിലവില്‍ മെട്രോ റെയില്‍ എം.ഡിയായ ലോക്നാഥ് ബെഹ്റ അന്വേഷണസംഘത്തെ അഭിനന്ദിച്ച് നിലവിലെ പൊലീസ് മേധാവിക്ക് കത്തയച്ചു. അന്വേഷണ സംഘത്തിന്‍റെ മിടുക്കും ശ്രമകരമായ ദൗത്യത്തേയും പുകഴ്ത്തിയും അഭിനന്ദിച്ചുമാണ് ബെഹ്റയുടെ കത്ത്.
എന്നാല്‍ അഭിനന്ദിച്ച ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ബി.സന്ധ്യയെ ഉള്‍പ്പെടുത്തിയില്ല. കൊലപാതകം നടക്കുമ്പോള്‍ ദക്ഷിണമേഖല എ.ഡി.ജി.പിയായിരുന്നു ബി.സന്ധ്യ. വിധി വന്ന ദിവസങ്ങളില്‍ കേഡലിനെ ചോദ്യം ചെയ്തപ്പോഴുള്ള അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് സന്ധ്യ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു.
എന്നാല്‍ ബെഹ്റയുടെ അഭിനന്ദനപട്ടികയില്‍ തിരുവനന്തപുരം റേഞ്ച് ഐ.ജിയായിരുന്ന മനോജ് എബ്രഹാം, കമ്മീഷണറായിരുന്ന ജി.സ്പര്‍ജന്‍കുമാര്‍, ഡി.സി.പിയായിരുന്ന അരുള്‍ ബി.കൃഷ്ണ, കന്‍റോണ്‍മെന്‍റ് എ.സി.പിയായിരുന്ന കെ.ഇ.ബൈജു, മ്യൂസിയം സി.ഐയായിരുന്ന ജെ.കെ.ദിനില്‍ എന്നിവരാണുള്ളത്. സന്ധ്യയുടെ പങ്ക് പരാമര്‍ശിക്കുന്നേയില്ല.