കൊച്ചിയിലെ ഭക്ഷ്യ സുരക്ഷാ പരിശോധനകളിൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അലംഭാവം കാട്ടുന്നുവെന്ന മേയറുടെ ആരോപണത്തിന് പിന്നാലെ നടപടി. ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലാ മേധാവി കോർപ്പറേഷനിൽ എത്തി മേയറുമായി കൂടിക്കാഴ്ച നടത്തി. മേയറുടെ ഫോൺ കോളുകൾ എടുക്കാത്തതിൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ക്ഷമയും ചോദിച്ചു. മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ്, പരിശോധനകളിൽ ഒരുമിച്ച് സഹകരിക്കാമെന്ന ഉറപ്പ് ഭക്ഷ്യ സുരക്ഷ കമ്മീഷണർ നൽകിയത്. മനോരമ ന്യൂസ് ഇംപാക്ട്.
കഴിഞ്ഞദിവസം, വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ വിതരണം ചെയ്യാൻ തയ്യാറാക്കിയ പഴകിയ ഭക്ഷണം പിടികൂടിയ സാഹചര്യത്തിൽ പോലും ഭക്ഷ്യസുരക്ഷാ കമ്മീഷണർ സംസാരിക്കാൻ തയ്യാറായില്ല എന്നായിരുന്നു മേയറുടെ പ്രധാന പരാതി. വാർത്ത വന്നതിന് പിന്നാലെ, മേയർക്ക് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ വിളിയെത്തി. ഫോൺ എടുക്കാത്തതിൽ ക്ഷമാപണം നടത്തി, പരിശോധനകളിൽ സഹകരിക്കാമെന്ന് ഉറപ്പും നൽകി.
കോർപ്പറേഷനും, ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി നഗരത്തിൽ പരിശോധനകൾ ശക്തമാക്കും. 40 ലക്ഷത്തിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മൊബൈൽ ഭക്ഷ്യ പരിശോധനാ ലാബിൽ കെമിക്കൽ അനാലിസ്റ്റിനെ ഉടൻ നിയമിക്കാനും ധാരണയായിട്ടുണ്ട്.