കൊച്ചിയിലെ ഭക്ഷ്യ സുരക്ഷാ പരിശോധനകളിൽ അലംഭാവവുമായി ഫുഡ് സേഫ്റ്റി കമ്മീഷണർ. പരിശോധന നടത്താൻ സഹകരണം ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും ഫോണിൽ സംസാരിക്കാൻ പോലും ഫുഡ് സേഫ്റ്റി കമ്മീഷണർ തയ്യാറായില്ലെന്ന് മേയർ. ഇത് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് എം.അനിൽകുമാർ മനോരമ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞദിവസം, വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ വിതരണം ചെയ്യാൻ തയ്യാറാക്കിയ പഴകിയ ഭക്ഷണം കടവന്ത്രയിൽ നിന്ന് കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ്, കോർപ്പറേഷൻ പരിധിയിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരിശോധന ശക്തമാക്കാൻ സഹായം അഭ്യർത്ഥിച്ച് മേയർ ഫുഡ് സേഫ്റ്റി കമ്മീഷണറെ ബന്ധപ്പെടാൻ ശ്രമിച്ചത്. കോർപ്പറേഷനും ഭക്ഷ്യസുരക്ഷാ വിഭാഗവും ഒരുമിച്ച് പ്രവർത്തിക്കണമെന്ന ആരോഗ്യ മന്ത്രിയുടെ നിർദ്ദേശമുണ്ട്. പഴകിയ ഭക്ഷണം പിടികൂടേണ്ടത് ഭക്ഷ്യസുരക്ഷാ വിഭാഗമാണെന്നിരിക്കെ, മേയറുമായി സംസാരിക്കാൻ ഫുഡ് സേഫ്റ്റി കമ്മീഷണർ തയ്യാറായില്ലെന്നാണ് പരാതി.
40 ലക്ഷത്തിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മൊബൈൽ ഭക്ഷ്യ പരിശോധനാ ലാബ് ഉപയോഗിക്കാനാകാതെ കിടക്കുന്നതിലും കോർപ്പറേഷൻ പഴി കേട്ടിരുന്നു. ഫുഡ് സേഫ്റ്റി വിഭാഗം സഹകരിച്ചാലും ഇല്ലെങ്കിലും നഗരത്തിൽ പരിശോധനകൾ നടത്താനാണ് കോർപ്പറേഷന്റെ തീരുമാനം.