വിവര സാങ്കേതിക രംഗത്തെ ലോകത്തെ അറിയപ്പെട്ടുന്ന ഇന്നവേഷന്‍ ഹബ് ആയി മാറാനുള്ള പരിശ്രമത്തിലാണ് കേരളം. ആ ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പുകളാണ് 9 വര്‍ഷത്തിനിടെ പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തിയത്. കേരളത്തിന്‍റെ ഗ്രാമീണ മേഖലകളിലേക്കുവരെ ഐ.ടി പാര്‍ക്കുകള്‍ വ്യാപിപ്പിച്ചു. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും, ഗ്രഫീന്‍ ഇന്നവേഷനും ഉള്‍പ്പെടേ വിപ്ലവകരമായ ഒരു പരിവര്‍ത്തനത്തിന്‍റെ പാതയിലാണ് കേരളത്തിലെ ഐ.ടി മേഖല.
വിവര സാങ്കേതിക രംഗത്ത് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ കേരളത്തിന്‍റെ പ്രയാണം ഇന്നെത്തി നില്‍ക്കുന്നത് അതിന്‍റെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. സേവന ദാതാവില്‍ നിന്നും ഏറ്റവും പുതിയ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള ഇന്നവേഷന്‍റെ ഘട്ടത്തിലാണ് കേരളത്തിന്‍റെ ഐ.ടി മേഖല. അതിനുള്ള അടിത്തറ പാകിയെന്നതാണ് 9 വര്‍ഷത്തെ പിണറായി ഭരണം ഐ.ടി മേഖലയ്ക്ക് നല്‍കിയ മുഖ്യ സംഭാവന.
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സര്‍വ്വകലാശാല, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുകള്‍. ഗ്രാഫീന്‍ ഇന്നവേഷന്‍ സെന്‍ററുകള്‍. അങ്ങനെ പുതുകാലത്തിന്‍റെ മനമറിഞ്ഞുള്ള കാല്‍വയ്പുകള്‍ അനവധി.
ഐ.ടി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഇതുവരെ കാണാത്ത രീതിയിലാണ് മുന്നേറുന്നത്. വാണിജ്യ–പാര്‍പ്പിട–വിദ്യാഭ്യാസ–ആരോഗ്യ സൗകര്യങ്ങള്‍ കൂടി ചേര്‍ന്നുള്ള ഐ.ടി ടൗണ്‍ഷിപ്പുമായി ടെക്നോപാര്‍ക്കിന്‍റെ നാലാം ഘട്ട നിര്‍മാണം പുരോഗമിക്കുകയാണ്. ടെകനോപാര്‍ക്കിന്‍റെ അഞ്ചാം ഘട്ടം കൊല്ലം അഷ്ടമുടിക്കായലോരത്ത് വരാന്‍ പോകുന്നത്. 100 ഏക്കര്‍ സ്ഥലത്ത് 4 കമ്പനികളുമായി 2004ല്‍ ആരംഭിച്ച കൊച്ചി ഇന്‍ഫോ പാര്‍ക്ക് ഇന്ന് 323 ഏക്കറില്‍ 582 കമ്പനികളായി പടര്‍ന്ന് പന്തലിച്ചിരിക്കുന്നു. 300 ഏക്കര്‍ സ്ഥലത്ത് ഇന്‍ഫോപാര്‍ക്കിന്‍റെ മൂന്നാം ഘട്ടം പുരോഗമിക്കുകയാണ്. ഈ വികസനത്തിന്‍റെ തുടര്‍ ഫലമെന്നോണം കേരളത്തിന്‍റെ ഐ.ടി കയറ്റുമതിയില്‍ അഭൂതപൂര്‍വ്വമായ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷം 6310 കോടിയില്‍ നിന്നും 2023-24 സാമ്പത്തിക വര്‍ഷം 11,417 കോടിയിലേക്ക് കയറ്റുമതി വളര്‍ന്നു.