നെടുമ്പാശേരി വിമാനത്താവളത്തിലെ ഹോട്ടല്‍ ജീവനക്കാരനായ ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിച്ചത് കൊലപ്പെടുത്തണമെന്ന് ഉറപ്പിച്ച് തന്നെയെന്ന് പൊലീസ്. നീണ്ട സമയത്തെ വാക്കു തര്‍ക്കത്തിന് ശേഷമാണ് ഐവിനെ കാറിടിച്ചു വീഴ്ത്തിയത്. കാര്‍ ബോണറ്റില്‍ നിന്ന് ഐവിന്‍ താഴെ വീണ ശേഷവും വലിച്ചിഴച്ചത് മരണം ഉറപ്പാക്കാനെന്നും പൊലീസ് പറയുന്നു.
കേസില്‍ അറസ്റ്റിലായ ബിഹാറുകാരന്‍ കോണ്‍സ്റ്റബിള്‍ മോഹന്‍കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒന്നാം പ്രതി യു പിക്കാരനായ എസ്.ഐ വിനയകുമാറിനെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഐവിന്‍റെ മൃതദേഹം ഇന്നലെ രാത്രിയില്‍ അങ്കമാലി തുറവൂരിലെ വീട്ടില്‍ എത്തിച്ചു. ഇന്ന് ഉച്ചക്ക് 2.30ന് തുറവൂര്‍ സെന്‍റ് അഗസ്റ്റിന്‍ പള്ളിയില്‍ സംസ്കരിക്കും.
ബുധനാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു ഐവിന്‍. ഇതിനിടെ നായത്തോട് ഭാഗത്തുവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറുമായി കാര്‍ ഉരസി. തര്‍ക്കം തുടര്‍ന്നതോടെ കാര്‍ എടുത്തുകൊണ്ടു പോകാന്‍ ഐവിന്‍ ശ്രമിച്ചു. ഇതോടെ സിഐഎസ്എഫുകാര്‍ ഐവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിലും കാണാം. ബോണറ്റില്‍ വീണ ഐവിനെ വലിച്ചിഴച്ച് പ്രതികള്‍ ഒരു കിലോ മീറ്ററെങ്കിലും മുന്നോട്ട് പോയെന്ന് നാട്ടുകാര്‍ പറയുന്നു. കാര്‍ നാട്ടുകാര്‍ നിര്‍ത്തിച്ച് ഐവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഐവിന്‍റെ തലയ്ക്ക് ഏറ്റ പരുക്കാണ് മരണകാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം.