ടർക്കിഷ് ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനി സെലിബിയുടെ സുരക്ഷാ ക്ലയറൻസ് വ്യോമയാനമന്ത്രാലയം പിൻവലിച്ചതോടെയുണ്ടായ അടിയന്തര സാഹര്യം നേരിടാൻ നടപടികളുമായി സിയാൽ. സെലിബിയുടെ വിലക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരെയോ കാർഗോ നീക്കത്തെയോ ബാധിക്കില്ല. ടർക്കിഷ് കമ്പനിയിലെ ജീവനക്കാരെ മറ്റ് കമ്പനികളിൽ വിന്യസിക്കും. പ്രശ്നം ചർച്ച ചെയ്യാൻ ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു.
ഓപ്പറേഷൻ സിന്ദൂറിലടക്കം പാക്കിസ്ഥാനെ അനുകൂലിച്ച തുർക്കിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് രാജ്യത്തെ 8 വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡിലിങ് സേവനം നൽകുന്ന ടർക്കിഷ് കമ്പനിയായ സെലിബി എയർപോർട്ട് സർവീസസിന്റെ സുരക്ഷാ ക്ലിയറൻസ് വ്യോമയാനമന്ത്രാലയം പിൻവലിച്ചത്. രാജ്യസുരക്ഷ മുൻനിർത്തിയാണ് തീരുമാനം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള 9 വിമാന സർവീസുകളിൽ സെലിബി ഗ്രൗണ്ട് ഹാൻഡലിങ് സേവനങ്ങൾ നൽകുന്നുണ്ട്. മലേഷ്യ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേയ്ക്കുള്ള സർവീസുകളാണ് ഭൂരിഭാഗവും. അടിയന്തര സാഹചര്യം വിലയിരുത്താൻ എയർപോർട്ടിൽ ഉന്നതതല യോഗം ചേർന്നു. സെലിബിയുടെ വിലക്ക് നിലവിൽ വിമാനത്താവളത്തിലെ ജോലികളെ ബാധിച്ചിട്ടില്ലെന്ന് സിയാൽ. യാത്രക്കാർക്കോ കാർഗോ നീക്കത്തിനോ പ്രതിസന്ധിയുണ്ടാകില്ല. സെലിബിയെ കൂടാതെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സേവനം നൽകുന്ന BFS, AlASL,അജൈൽ എന്നീ കമ്പനികളുടെ പ്രവർത്തനം പരമാവധി പ്രയോജനപ്പെടുത്തും. സെലിബിയുടെ മുന്നൂറിലേറെ ജീവനക്കാരെ മറ്റ് ഏജൻസികളിലേയ്ക്ക് വിന്യസിച്ച് ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലികൾ തടസ്സമില്ലാതെ ചെയ്യും. ടർക്കിഷ് സ്ഥാപനമല്ലെന്നും സുതാര്യവും നിഷ്പക്ഷവുമായാണ് പ്രവർത്തിക്കുന്നതെന്നും വിദേശസർക്കാരുകളുമായി രാഷ്ട്രീയ ബന്ധമില്ലെന്നും അനുബന്ധ സ്ഥാപനമായ സെലിബി ഏവിയേഷൻ ഇന്ത്യ പ്രതികരിച്ചു.