TOPICS COVERED

വയനാട് മേപ്പാടി 900 കണ്ടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വീണ് വിനോദ സഞ്ചാരത്തിന് എത്തിയ യുവതിക്ക് ദാരുണാന്ത്യം. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. പുല്ല് മേഞ്ഞ് മരത്തടിയിൽ കെട്ടി ഉയർത്തിയ ഷെഡ്ഡിനും റിസോർട്ടിനും അനുമതി ഇല്ലായിരുന്നെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

പുലർച്ച രണ്ട് മണിയോടെ ആണ് അപകടം. ട്രക്കിങ്ങിന് എത്തിയ 14 അംഗ സംഘം ഷെഡ്ഡിലെ നാല് ടെന്റുകളിലായി ഉറക്കത്തിലായിരുന്നു. മരക്കാലിൽ കെട്ടി ഉയർത്തി പുല്ലുമേഞ്ഞ ഷെഡ് ഇവർക്ക് മുകളിലേക്ക് തകർന്ന് വീണാന്ന് അപകടം ഉണ്ടായത്. മരത്തിന്റെ ഭാഗം നിഷ്മയുടെ ദേഹത്തേക്ക് വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റ് മൂന്ന് പേർക്ക് നിസാര പരിക്കേറ്റു. പ്രദേശത്ത് കനത്ത മഴ ഉണ്ടായിരുന്നു. മേൽക്കൂരയിലെ പുല്ല് കുതിർന്ന് ഭാരം തൂങ്ങിയത് താങ്ങാൻ പഴകിയ മരക്കാലുകൾക്ക് ശേഷി ഉണ്ടായിരുന്നില്ല. സുരക്ഷാ വീഴ്ച വ്യക്തമാണ്. ഇത്തരം നിരവധി ഷെഡുകൾ ഇവിടെ നിർമിച്ചിട്ടുണ്ട്. റിസോർട്ടിന് രണ്ട് വർഷം മുൻപ് നൽകിയ അനുമതി പുതുക്കി നൽകിയിട്ടില്ലെന്ന് മേപ്പാടി പഞ്ചായത്ത് അധികൃതർ അറിയിച്ചു. റിസോർട്ട് പൊലീസ് താത്കാലികമായി അടപ്പിച്ചു.

ടെന്റ്ഗ്രാം എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പ്രമോട്ട് ചെയ്യുന്ന 900 കണ്ടിയിലെ ഈ റിസോർട്ട് എമറാൾഡ് ഗ്രൂപ്പിന് കീഴിലുള്ളതാണ്. നിരവധി വിനോദ സഞ്ചാരികളാണ് ഈ അവധിക്കാലത്ത് ഏഴ് കിലോമീറ്ററോളം ജീപ്പിൽ ഓഫ് റോഡ് താണ്ടി ഈ പ്രദേശത്ത് എത്തിയിരുന്നത്. മേപ്പാടിയിൽ നിന്ന് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടകൈ- ചൂരൽമല പ്രദേശത്തേക്കുള്ള പ്രവേശന കവാടമാണ് റിസോർട്ട് നിൽക്കുന്ന ഈ പ്രദേശം.

ENGLISH SUMMARY:

Tourist dies after tent collapses in Meppadi, Wayanad.