കണ്‍മുന്നില്‍ ഗഫൂറിനെ കടുവ കടിച്ചുവലിച്ചുകൊണ്ടുപോയത് നേരിട്ട് കണ്ടതിന്‍റെ ഞെട്ടലിലാണ് സുഹൃത്ത് സമദ്. മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ട് പാറശ്ശേരിയിലാണ് കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി ഗഫൂര്‍ കൊല്ലപ്പെട്ടത്. തങ്ങള്‍ രാവിലെ ഒരുമിച്ച് ടാപ്പിങ്ങിന് പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നും കഴുത്തിന് കടിച്ചുവലിച്ചുകൊണ്ട് പോയെന്നും സമദ് പറഞ്ഞു.
'രാവിലെ ഏഴുമണിക്ക് ഞങ്ങള്‍ റബര്‍ വെട്ടുകയായിരുന്നു. പെട്ടന്ന് കാട്ടില്‍നിന്നും കടുവ അവന്‍റെ നേര്‍ക്ക് ചാടി കഴുത്തില്‍ പിടിച്ച് വലിച്ചുകൊണ്ട് പോവുകയായിരുന്നു. ഞങ്ങള്‍ അടുത്തടുത്തായിരുന്നു നിന്നിരുന്നത്. ഒരു നാലഞ്ച് മീറ്റര്‍ അകലത്തിലാണ് നിന്നത്. ഞങ്ങള്‍ കണ്ടില്ല. മരത്തിന് ചുവട്ടില്‍ എത്തി ടാപ്പ് ചെയ്യുന്ന സമയത്താണ് ചാടിവന്നു കടിച്ചുകൊണ്ട് പോയത്. വലിയ കടുവയായിരുന്നു. ഞാന്‍ പേടിച്ച് നിലവിളിച്ച് ഓടി. താഴെ കുറച്ച് ആള്‍ക്കാരുണ്ടായിരുന്നു. അവരെ ഫോണ്‍ വിളിച്ചുപറഞ്ഞു. അവിടെനിന്നും നാലഞ്ച് പേര്‍ വന്ന്, ഞങ്ങള്‍ ബോഡി തിരഞ്ഞുകണ്ടുപിടിച്ചു. ശരീരഭാഗങ്ങളൊക്കെ കടിച്ചുപൊടിച്ചിരുന്നു. 300 മീറ്ററോളം കടുവ വലിച്ചുകൊണ്ടുപോയി,' സമദ് പറഞ്ഞു.
പത്തുമാസമായി അവിടെ ജോലി ചെയ്യുന്നു. വന്യമൃഗങ്ങളെ കാണാറുണ്ടെന്നും പട്ടികളെയൊക്കെ പിടിച്ചുകൊണ്ടുപോകുന്നുവെന്നും ആളുകള്‍ പറഞ്ഞിട്ടുണ്ട്. വളരെ ദരിദ്രമായ കുടുംബമാണ്. എന്തെങ്കിലും ചെയ്തുകൊടുക്കണം. ഇനി അവിടേക്ക് ജോലിക്ക് പോകുന്ന കാര്യം ആലോചിക്കണം, മിക്കവാറും ഒഴിവാക്കി പോകുമെന്നും സമദ് പറഞ്ഞു.
ഗഫൂറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കുടുംബത്തിന് നഷ്ടപരിഹാരമായി 14 ലക്ഷം രൂപ നൽകാമെന്നും നാളെത്തന്നെ 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറും എന്നും ഡിഫ്ഒ അറിയിച്ചു. വനം താൽക്കാലിക ജോലി നൽകാമെന്നും സ്ഥിരം നിയമത്തിന് ശുപാർശ നൽകുമെന്നും അറിയിച്ചു. നരഭോജിയായ കടുവയെ പിടിക്കാമെന്ന ഉറപ്പും ലഭിച്ചു.അരുൺ സക്കറിയുടെ നേതൃത്വത്തിൽ വയനാട്ടിൽ നിന്നെത്തുന്ന 25 അംഗ സംഘവും പാലക്കാട് നിന്നുള്ള കുങ്കി ആനകളും കടുവയെ പിടിക്കാനുള്ള ദൗത്യത്തിൽ ഭാഗമാവും.