കെ.യു ജനീഷ് കുമാർ എംഎൽഎക്കെതിരെ വനംവകുപ്പുദ്യോഗസ്ഥർ പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ബലമായി മോചിപ്പിച്ചതിനും ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും അടക്കമാണ് ഇന്നലെ കൂടൽ പൊലീസിൽ പരാതി നൽകിയത്. നക്സലൈറ്റ് പരാമർശം തള്ളിയെങ്കിലും ജനീഷിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച പാടം ഫോറസ്റ്റ് സ്റ്റേഷനിൽ കടന്നുകയറി ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും കാട്ടാനയെ ഷോക്കടിപ്പിച്ചു കൊന്ന കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ മോചിപ്പിച്ചതിനുമാണ് പരാതി. റേഞ്ച് ഓഫീസർ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പാടം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എന്നിവർ മൂന്നു പരാതികൾ നൽകി. അസഭ്യം പറഞ്ഞതിനും ജോലി തടസ്സപ്പെടുത്തിയതിനും അടക്കമാണ് പരാതി.
ഉന്നത നിർദ്ദേശം ലഭിക്കാതെ കേസെടുക്കേണ്ട എന്ന നിലപാടിലാണ് പൊലീസ്. അതേസമയം ജനീഷ് കുമാറിൻ്റെ നക്സലൈറ്റ് പരാമർശം തള്ളിയെങ്കിലും സിപിഎം പൂർണപിന്തുണ പ്രഖ്യാപിച്ചു. നാളെ ഡി എഫ് ഒ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
എംഎൽഎയുടെ നിലപാടിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനകൾക്ക് കടുത്ത രോഷം ഉണ്ട്. അതേസമയം കാട്ടാനയെ ഷോക്കടിപ്പിച്ചു കൊന്നവർക്കായുള്ള അന്വേഷണം തുടരുകയാണ്. കാട്ടാനയെ കൊന്നവർക്ക് വേണ്ടി എംഎൽഎ ഇടപെട്ടതിൽ സിപിഎമ്മിൽ തന്നെ എതിരഭിപ്രായമുണ്ടെങ്കിലും ഈ അവസരം പരമാവധി അനുകൂലമാക്കാൻ ആണ് പാർട്ടി തീരുമാനം.