തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകയെ അതിക്രൂരമായി മര്‍ദിച്ച അഡ്വ. ബെയിലിന്‍ ദാസ് മുന്‍കൂര്‍  ജാമ്യാപേക്ഷയുമായി കോടതിയില്‍. മനപ്പൂര്‍വം സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും തര്‍ക്കത്തിനിടയിലാണ് മര്‍ദനമുണ്ടായതെന്നുമാണ് ജാമ്യാപേക്ഷയിലെ വിശദീകരണം. മര്‍ദനമേറ്റ അഭിഭാഷകയേയും കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് അഭിഭാഷകയുടെ കുടുംബം ആരോപിച്ചു. അതിനിടെ ബെയിലിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തെ ചൊല്ലിയും വിവാദം മുറുകുകയാണ്.

ജൂനിയര്‍ അഭിഭാഷകയായ വി.ജെ.ശ്യാമിലിയുടെ മുഖത്ത് അതിക്രൂരമായി അടിച്ച ശേഷം മുങ്ങിയ ബെയിലിന്‍ ദാസിനെ മൂന്ന് ദിവസമായി കണ്ടുകിട്ടുന്നില്ലെന്ന് പൊലീസ് പറയുന്നതിനിടെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷ കോടതിയിലെത്തിയത്. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ മര്‍ദനം സമ്മതിക്കുമ്പോളും അത് മനപ്പൂര്‍വമല്ലെന്നും പരസ്പരമുള്ള തര്‍ക്കത്തിനിടെ സംഭവിച്ചതാണെന്നുമാണ് ബെയിലിന്‍റെ വാദം. 

ബെയിലിനെതിരായ കേസില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പുമാത്രമാണ് ജാമ്യം കിട്ടാത്തതായുള്ളത്. അതുകൊണ്ട് തര്‍ക്കത്തിനിടെയുണ്ടായ മര്‍ദനം ബോദപൂര്‍വമുള്ള സ്ത്രീത്വത്തെ അപമാനിക്കലല്ലായെന്ന് വാദിച്ച് ജാമ്യം നേടുകയാണ് ബെയിലിന്‍റെ ലക്ഷ്യം. ബെയിലിനെ പിടിക്കാത്തതില്‍ നിരാശ പങ്കുവെച്ച കുടുംബം, ശ്യാമിലിയും മര്‍ദിച്ചെന്ന് വരുത്തിതീര്‍ക്കാനുള്ള നീക്കം നടക്കുന്നതായും ആരോപിച്ചു.

അതിനിടെ ബെയിലിന്‍ 2015ലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പൂന്തുറയിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്നൂവെന്ന് വ്യക്തമായി. ഈ സിപിഎം ബന്ധമാണ് അറസ്റ്റ് വൈകാന്‍ കാരണമെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം 2020ല്‍ ബെയിലിന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നാണ് സിപിഎമ്മിന്‍റെ മറുവാദം.

ENGLISH SUMMARY:

Advocate Beylin Das, accused of brutally assaulting junior lawyer V.J. Shyamily in Thiruvananthapuram, has filed an anticipatory bail plea. The petition admits to the assault but claims it was not intentional and occurred during a dispute. Shyamily's family alleges attempts are being made to falsely implicate her in the case. Political controversy also escalates, with questions about Beylin's past ties to both CPM and Congress.