നന്തൻകോട് കൂട്ടകൊലക്കേസ് പ്രതി കേഡൽ ജീൻസൺ രാജയുടെ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ നിയമ പോരാട്ടത്തിലേയ്ക്ക്. സ്വന്തം വീടും സ്ഥലവും കേഡലിന്‍റെ അമ്മ ജീൻ പദ്മക്ക് ഇഷ്ടദാനം കൊടുത്ത സഹോദരനാണ് സ്വത്ത് തിരികെ കിട്ടാൻ നിയമപോരാട്ടം നടത്തുന്നത്. പിഴത്തുകയായി 15 ലക്ഷം രൂപ ഈ സഹോദരന് നൽകാൻ കോടതി വിധി ഉണ്ടെങ്കിലും അതുകൊണ്ട് എന്താകാൻ ആണെന്ന് അസുഖബാധിതനായി വർഷങ്ങളായി കിടപ്പിലായ ജോസ് സുന്ദരം   ചോദിക്കുന്നു.

കേഡൽ ജീൻസൺ രാജ വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചവനാണ്. ക്ലിഫ് ഹൗസിനോട് ചേർന്നുള്ള  കോടികളുടെ വീടും സ്ഥലവും, വീടിന് തൊട്ടു താഴെ അമ്മാവൻ ജോസ് കേഡല്‍ അമ്മ ജീൻ പദ്മയ്ക്ക് ഇഷ്ട ദാനം നല്കിയ നാല് സെന്‍റും പഴയ വീടും, തമിഴ്നാട്ടിലെ പത്തു കാണി, കാളിമല എന്നിവടങ്ങളിലും വെള്ളറടയിലും ഉള്ള ഏക്കർ കണക്കിന് സ്വത്തുവകകൾ തുടങ്ങിയവയുടെയെല്ലാം അവകാശി ഇനി കേഡലാണ്. ക്രിസ്ത്യൻ പിന്തുടർച്ചവകാശ നിയമ പ്രകാരം മാതാപിതാക്കളും ഏക സഹോദരിയും കൊല്ലപ്പെട്ടതോടെ സ്വത്തുക്കൾ എല്ലാം കേഡലിന് സ്വന്തം.  

എന്നാൽ ഇവിടെയൊരു ട്വിസ്റ്റുണ്ട്. കൂട്ടക്കൊല നടന്ന വീടിനോട് ചേർന്ന് പഴയൊരു വീടു കാണാം .അതാണ് കേഡലിന്‍റെ അമ്മയുടെ കുടുംബവീട്. ഇവിടെയാണ് രോഗബാധിതനായ സഹോദരൻ ജോസ്  താമസിക്കുന്നത്. ജോസ് തന്‍റെ വീടും സ്ഥലവും സഹോദരിക്ക് ഇഷ്ടദാനം നല്കിയത് ആയുഷ്കാലം സംരക്ഷിച്ചു കൊള്ളാമെന്ന ഉറപ്പിലാണ്. ചെലവിനത്തിൽ മാസം 50000 രൂപ നല്കാമെന്ന ഉറപ്പും വാക്കാൽ നല്കിയിരുന്നു. സ്വത്തുക്കൾ കൈമാറി മൂന്നാം മാസമാണ് സഹോദരിയും കുടുംബവും കൊല്ലപ്പെട്ടത്. 

കൂട്ടക്കൊലയ്ക്കു ശേഷം സ്വത്ത് തിരികെ കിട്ടാൻ ജോസ് നല്കിയ ഹർജി കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ എട്ടുവർഷമായി പരസഹായമില്ലാതെ ചലിക്കാനാകാത്ത ജോസിനെ ജോലിക്കാരി ദാസമ്മ ഉപേക്ഷിച്ചു പോയില്ല. ഇവരുടെ ശമ്പളമടക്കം ജോസിന്‍റെ സുഹൃത്തുക്കളുടെ കാരുണ്യത്തിലാണ്. തമിഴ്നാട്ടിലെ സ്വത്തുവകകളെല്ലാം എസ്റ്റേറ്റ് മാനേജര്‍ കൈകാര്യം ചെയ്യുന്നുവെന്നാണ് വിവരം. ഇതു കൂടാതെ 21 ലക്ഷം രൂപ എല്‍ഐസിയില്‍ നിന്ന് ലോണെടുത്തതിന്‍റെ ജപ്തി നോട്ടീസും വീട്ടില്‍ പതിച്ചിട്ടുണ്ട്. എന്തായാലും അമ്മാവന് മുമ്പോട്ട് പോകണമെങ്കില്‍ ഇനി കോടതി കനിയണം.

ENGLISH SUMMARY:

In the infamous Nanthancode multiple murder case, the multimillion-worth properties of the lone surviving accused, Kaedel Jinson Raj, are now at the center of a legal battle. His maternal uncle, Jose Sundaram, who had gifted the land and house to Kaedel's mother Jean Padma, is now fighting to reclaim them after the tragic murders of Kaedel’s parents and sister. Jose, who is bedridden and was assured lifelong care and a monthly support of ₹50,000, says he was betrayed. He has now approached the court seeking to reverse the property transfer. Meanwhile, Kaedel stands to inherit all the family wealth as per Christian succession laws.