കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലയില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. ഏക പ്രതിയായ കേഡല്‍ ജീന്‍സണ്‍ രാജയെ ഏറ്റവും കുറഞ്ഞത് 28 വര്‍ഷം നീളുന്ന ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. കേഡലിന് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും ഉറ്റവരായ നാല് പേരെ വെട്ടിക്കൊന്ന് കത്തിച്ച് എട്ട് വര്‍ഷം കഴിയുമ്പോഴും കേഡലിന് പശ്ചാത്താപമില്ലെന്നും മാനസാന്തരത്തിന്‍റെ സാധ്യതകളില്ലെന്നും പ്രോസിക്യൂട്ടര്‍ ദിലീപ് സത്യന്‍ വാദിച്ചു. ഇതെല്ലാം കേട്ട് കേഡല്‍ കോടതിയിലുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ പതിവ് പോലെ എന്തെങ്കിലും പറയാനുണ്ടോയെന്ന് കേഡലിനോട് കോടതി ചോദിച്ചു. കരുണയുണ്ടാകണം എന്ന ഒറ്റ വാക്ക് മാത്രമാണ് കേഡല്‍ പറഞ്ഞത്.
അത് പറഞ്ഞ ശേഷം ജഡ്ജിയെ നോക്കി തൊഴുത് കേഡല്‍ ചിരിച്ചുകൊണ്ട് കുറച്ച് നേരം നില്‍ക്കുകയും ചെയ്തു. അതിന് ശേഷം വിധി പറഞ്ഞപ്പോഴും കേഡലിന് കാര്യമായ ഭാവവിത്യാസമൊന്നുമുണ്ടായിരുന്നില്ല. ചിരിച്ചുകൊണ്ട് തലയാട്ടുക മാത്രമാണ് വിധി പ്രസ്താവം കേട്ടപ്പോഴും കേഡല്‍ എന്ന അരുംകൊലയാളി ചെയ്തത്.