ഇഷ്ട സിനിമാനടന്‍റെ മുഖം പോലെ ആക്കണം, ഇറ്റലിക്കാരുടെ മൂക്ക് വേണം എന്നിങ്ങനെ പോകുന്നു സൗന്ദര്യവർദ്ധക ശസ്ത്രക്രിയയ്ക്ക് എത്തുന്നവരുടെ ഡിമാന്‍റുകള്‍. കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സൗന്ദര്യം കൂട്ടാൻ ലക്ഷങ്ങൾ പൊടിച്ചവരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധന മൂന്നിരട്ടിയാണ്. എത്ര റിസ്ക് എടുത്തിട്ടാണെങ്കിലും ലുക്ക് മാറ്റുകയാണ് ലക്ഷ്യം.
20 വയസ്സ് മുതൽ 60 വയസ്സുവരെയുള്ളവരാണ് കൂടുതലായും സൗന്ദര്യം കൂട്ടാൻ ആശുപത്രികളിലേക്ക് എത്തുന്നത്. പ്രായത്തിനനുസരിച്ച്, ആവശ്യങ്ങളും മാറും. യുവാക്കൾ കാശിറക്കുന്നത് മൂക്കിന്‍റെ ആകൃതി മാറ്റാനും ശരീരഘടന മെച്ചപ്പെടുത്താനും. സ്തന വലിപ്പം കൂട്ടാനും കുറയ്ക്കാനും യുവതികളും കോസ്മെറ്റിക് സർജന്മാരുടെ മുന്നിലെത്തുന്നു. 40 വയസ്സ് കഴിഞ്ഞവർക്ക്, പ്രായത്തെ മറയ്ക്കാനുള്ള ശസ്ത്രക്രിയകൾ ആണ് വേണ്ടത്. അതിൽ, ഫെയ്സ് ലിഫ്റ്റിങ്ങിനും ശരീരത്തിൽ നിന്ന് കൊഴുപ്പ് നീക്കം ചെയ്യലിനും ആവശ്യക്കാരെറേ. പണ്ട് സിനിമ താരങ്ങളാണ് ശസ്ത്രക്രിയകൾ ചെയ്തിരുന്നതെങ്കിൽ, ഇപ്പോൾ സാധാരണക്കാർക്കാണ് സൗന്ദര്യം വർദ്ധിപ്പിക്കേണ്ടത്.
സൗന്ദര്യവർദ്ധക ശസ്ത്രക്രിയ ചെയ്യാൻ എത്തുന്നവർക്ക് ചികിത്സരീതിയുടെ വെല്ലുവിളികളെ കുറിച്ച് ക്ലാസ്സെടുക്കും. ശസ്ത്രക്രിയയ്ക്കിടെ പിഴവ് സംഭവിച്ചാൽ, അതിനെ മറികടക്കാനുള്ള സംവിധാനം ക്ലിനിക്കുകൾക്കും ആശുപത്രികൾക്കും ഉണ്ടെന്ന് രോഗികളും ഉറപ്പുവരുത്തണം. സൗന്ദര്യ വർദ്ധക ശസ്ത്രക്രിയകളുടെ ചെലവ് ഒരുലക്ഷം രൂപ മുതൽ തുടങ്ങുന്നു. ഓരോ ആശുപത്രിയിലും ഇത് വ്യത്യസ്തമായിരിക്കും. 2 ലക്ഷം രൂപ ചെലവുള്ള ശസ്ത്രക്രിയയ്ക്ക് 6 ലക്ഷം രൂപ വരെ വാങ്ങുന്ന ആശുപത്രികളുണ്ട്.