സര്‍ക്കാർ സർവീസിൽ സേവനം ചെയ്ത ശേഷം പിഎസ്‌സി അംഗങ്ങളായവരുടെ പെൻഷൻ കൂട്ടി സർക്കാർ. സര്‍ക്കാര്‍ ജീവനക്കാരായി ജോലി ചെയ്ത കാലഘട്ടം കൂടി പരിഗണിച്ച് പിഎസ്‌സി അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സർക്കാരിന് ഇത് എക്കാലവും വലിയ ബാധ്യതയാവും.
സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവർ പിഎസ്‌സി അംഗങ്ങൾ ആയി കാലാവധി കഴിയുമ്പോൾ സർക്കാർ സർവീസിലെ പെൻഷനോ പിഎസ്‌സി അംഗത്തിന്‍റെ പെൻഷനോ എന്നതിൽ ഏതെങ്കിലും ഒരെണ്ണം മാത്രമാണ് കൈപ്പറ്റാൻ ചട്ടമുള്ളത്. എന്നാൽ സർക്കാർ സർവീസിൽ ഉയർന്ന പദവിയിലിരുന്നവരുടെ പെൻഷൻ പിഎസ്‌സി അംഗങ്ങളുടെ പെൻഷനേക്കാള്‍ കൂടുതലായിരുന്നു. അതുകൊണ്ട് സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവർ പിഎസ്സി അംഗങ്ങളായിരുന്നു കാലാവധി കഴിയുമ്പോഴും സ്വീകരിച്ചിരുന്നത് സർക്കാർ പെൻഷൻ ആണ്.
സർക്കാർ പിഎസ്‌സി അംഗങ്ങളുടെ ശമ്പളം കുത്തനെ കൂട്ടിയതോടെ ഇത് പെൻഷനിലും പ്രതിഫലിച്ചു. ഇതോടെയാണ് സർവീസ് പെൻഷൻ വാങ്ങിക്കൊണ്ടിരുന്ന പിഎസ്‌സി അംഗങ്ങളായ പി.ജമീല, ഡോക്ടര്‍ ഗ്രീഷ്മ മാത്യു, ഡോക്ടര്‍ കെ.ഉഷ എന്നിവർ പെൻഷൻ കൂട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇവർക്ക് പെൻഷനിലെ ഓപ്ഷൻ മാറ്റി നൽകാനും സർക്കാർ സർവീസിന് പകരം പിഎസ്‌സി പെൻഷൻ നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ ഇതിൽ നിന്നും ഒരു പടികൂടി കടന്നു സർക്കാർ സർവീസിലെ കാലയളവും പിഎസ്‌സി കാലയളവും ഒന്നിച്ച് കണക്കാക്കി പെൻഷൻ നൽകാനാണ് സർക്കാർ ഉത്തരവിട്ടത്. പിഎസ്‌സി അംഗമായിരിക്കുമ്പോൾ രണ്ട് ലക്ഷത്തിന് മുകളിൽ ആറു വർഷം ഉയർന്ന ശമ്പളം വാങ്ങിക്കുന്ന പിഎസ്‌സി അംഗങ്ങൾക്കാണ് പിന്നെയും ഉയർന്ന പെൻഷൻ.