ട്രെയിനുകളില്‍ വിതരണം ചെയ്യാനിരുന്ന പഴകിയ ഭക്ഷണം കൊച്ചിയില്‍ പിടികൂടി. റെയില്‍വേ കരാറുകാരാന്‍റെ കടവന്ത്രയിലെ കേറ്ററിങ് സെന്‍ററില്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷണം പിടികൂടിയത്. ഇവ വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാനായി തയ്യാറാക്കിയതെന്നാണ് വിവരം. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കൊച്ചി കോര്‍പറേഷന്‍റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്.
സ്വകാര്യ വ്യക്തി കരാറെടുത്ത സ്ഥാപനമാണിത്. ഇയാളാണ് ട്രെയിനിലടക്കം ഭക്ഷണം വിതരണം ചെയ്യുന്നത്. ഇതാണ് സംഭവത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ഇവിടെ നിന്നും തയ്യാറാക്കുന്ന ഭക്ഷണം കവറുകളിലാക്കിയാണ് ട്രെയിനുകളില്‍ വിതരണം ചെയ്യുന്നത്. വന്ദേഭാരതിന്‍റെ അടക്കം പേരുകളുള്ള കവറുകള്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
മുട്ട, സാമ്പര്‍, ചപ്പാത്തി അടക്കമുള്ള പഴകിയ ഭക്ഷണമാണ് കണ്ടെത്തിയത്. ദുര്‍ഗന്ധം കാരണം നില്‍ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. വൃത്തിഹീനമായി സാഹചര്യത്തില്‍ ഭക്ഷണം സൂക്ഷിക്കുന്നു എന്ന പരാതിയിലാണ് കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യം വിഭാഗം പരിശോധനയ്ക്കെത്തിയത്.
അതിഥി തൊഴിലാളികളാണ് കാറ്ററിങ് സെന്‍ററിലെ പാചകകാര്‍. ഇവര്‍ താമസിക്കുന്ന ഇടത്തെ വൃത്തിഹീനമായ ചുറ്റുപാടിനെ പറ്റി നാട്ടുകാര്‍ ആരോഗ്യവിഭാഗത്തിന് പരാതി നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ ആദ്യം തൊഴിലാളികള്‍ താമസിക്കുന്നിടവും പിന്നീട് ജോലി ചെയ്യുന്നിടത്ത് പരിശോധിക്കുകയായിരുന്നു.
കാറ്ററിങ് സെന്‍ററിന്‍റെ സമീപത്തെ ഗോഡൗണില്‍ നിന്നും വൈകീട്ട് ദുര്‍ഗന്ധം വന്നു. പ്രദേശവാസികളും കൗണ്‍സിലറും നടത്തിയ പരിശോധനയില്‍ 5-8 ദിവസം പഴക്കമുള്ള ചിക്കന്‍ കണ്ടെത്തി. തുടര്‍ന്ന് കാറ്ററിങ് ജീവനക്കാര്‍ ഇത് മാറ്റുകയായിരുന്നു. ഇതും പരിശോധനയ്ക്ക് കാരണമായി. കഴിക്കാന്‍ പറ്റാത്തതരത്തിലുള്ള ഭക്ഷണം വലിയ അളവില്‍ സൂക്ഷിച്ചതായി പരിശോധനയില്‍ കണ്ടെത്തി.
കടവന്ത്രയില്‍ പഴകിയ ഭക്ഷണം പിടികൂടിയ സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. മാലിന്യപ്രശ്നത്തിന്‍റെ പേരില്‍ പതിനായിരം രൂപ പിഴ ഈടാക്കിയിരുന്നു. നാട്ടുകാര്‍ സ്ഥാപനത്തിനെതിരെ വ്യാപക പരാതി ഉയര്‍ത്തിയിരുന്നു. മോശമായ ഭക്ഷ്യവസ്തുക്കള്‍ വലിയ തോതില്‍ കൂട്ടിയിട്ടിരിക്കുന്നു. ഭക്ഷണം ഉണ്ടാക്കിയിരുന്നത് തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.