kochi-food-raid

ട്രെയിനില്‍ വിതരണം ചെയ്യാനുള്ള പഴകിയ ഭക്ഷണം പിടികൂടിയ സംഭവം റെയില്‍വെ അന്വേഷിക്കും. കരാറുകാരന് കനത്ത പിഴ ചുമത്തുമെന്നും പരിശോധന കര്‍ശനമാക്കുമെന്നും റെയില്‍വേ അറിയിച്ചു. പഴകിയ ഭക്ഷണം പിടികൂടിയ എറണാകുളത്തെ ബേസ് കിച്ചന്‍ അടപ്പിച്ചു. 

ബുധനാഴ്ച രാവിലെ കൊച്ചി കോര്‍പ്പറേഷന്‍ കടവന്ത്രയിസെ കേറ്ററിങ് സെന്‍ററില്‍ നടത്തിയ പരിശോധനയിലാണ് ട്രെയിനുകളില്‍ വിതരണം ചെയ്യാനിരുന്ന പഴകിയ ഭക്ഷണം കൊച്ചിയില്‍ പിടികൂടിയത്. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാനായി തയ്യാറാക്കിയതെന്നാണ് വിവരം. വന്ദേഭാരതിന്‍റെ അടക്കം പേരുകളുള്ള കവറുകള്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. 

മുട്ട, സാമ്പര്‍, ചപ്പാത്തി അടക്കമുള്ള പഴകിയ ഭക്ഷണമാണ് കണ്ടെത്തിയത്. ദുര്‍ഗന്ധം കാരണം നില്‍ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. വൃത്തിഹീനമായി സാഹചര്യത്തില്‍ ഭക്ഷണം സൂക്ഷിക്കുന്നു എന്ന പരാതിയിലാണ് കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യം വിഭാഗം പരിശോധനയ്ക്കെത്തിയത്. സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. മാലിന്യപ്രശ്നത്തിന്‍റെ പേരില്‍ പതിനായിരം രൂപ പിഴ ഈടാക്കിയിരുന്നു.

അതിഥി തൊഴിലാളികളാണ് കാറ്ററിങ് സെന്‍ററിലെ പാചകകാര്‍. ഇവര്‍ താമസിക്കുന്ന ഇടത്തെ വൃത്തിഹീനമായ ചുറ്റുപാടിനെ പറ്റി നാട്ടുകാര്‍ ആരോഗ്യവിഭാഗത്തിന് പരാതി നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ ആദ്യം തൊഴിലാളികള്‍ താമസിക്കുന്നിടവും പിന്നീട് ജോലി ചെയ്യുന്നിടത്ത് പരിശോധിക്കുകയായിരുന്നു. കാറ്ററിങ് സെന്‍ററിന്‍റെ സമീപത്തെ ഗോഡൗണില്‍ നിന്നും വൈകീട്ട് ദുര്‍ഗന്ധം വന്നു. പ്രദേശവാസികളും കൗണ്‍സിലറും നടത്തിയ പരിശോധനയില്‍ 5-8 ദിവസം പഴക്കമുള്ള ചിക്കന്‍ കണ്ടെത്തി. തുടര്‍ന്ന് കാറ്ററിങ് ജീവനക്കാര്‍ ഇത് മാറ്റുകയായിരുന്നു. ഇതും പരിശോധനയ്ക്ക് കാരണമായി.

ENGLISH SUMMARY:

Railways to investigate the seizure of expired food meant for train passengers from a Kochi base kitchen. The contractor will face a heavy fine, and inspections will be tightened. The base kitchen has been shut down following the incident.