സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപം ഉന്നയിച്ച മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെതിരെ നിയമനടപടിയുമായി എഡിജിപി എസ്.ശ്രീജിത്ത്. അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ദിപിന്‍ എടവണ്ണക്കെതിരെ കേസുകൊടുക്കാനാണ് സര്‍ക്കാരിന്‍റെ അനുമതി തേടിയത്. ഗതാഗത കമ്മീഷണറായിരിക്കെ സസ്പെന്‍ഡ് ചെയ്തതിന്‍റെ വൈരാഗ്യംകൊണ്ടാണ് ദിപിന്‍ തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതെന്ന് എസ്.ശ്രീജിത്ത് പറഞ്ഞു.
മലപ്പുറം കോട്ടയ്ക്കലിലെ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഡിപിന്‍ എടവണ്ണയാണ് ഫേസ്ബുക്കിലൂടെ എസ്.ശ്രീജിത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ശ്രീജിത്ത് ഗതാഗത കമ്മീഷണറായിരിക്കെ കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടെന്നും അതിനേക്കുറിച്ച് സംവാദത്തിന് തയാറുണ്ടോയെന്നുമായിരുന്നു വെല്ലുവിളി. എന്നാല്‍ ഡിപിന്‍റെ ആക്ഷേപത്തിനെതിരെ മാനനഷ്ടക്കേസുമായി കോടതിയെ സമീപിക്കാന്‍ തീരുമാനിച്ച ശ്രീജിത്ത് അതിന് അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്തും നല്‍കി.
ഡ്രൈവിങ് ടെസ്റ്റിനെത്തിയ സ്ത്രീയെ പിന്തുടര്‍ന്ന് അപമാനിച്ചെന്ന പരാതിയില്‍ പ്രതിയാക്കി കണ്ണൂര്‍ കതിരൂര്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളയാളാണ് ഡിപിന്‍. അന്ന് ഗതാഗത കമ്മീഷണറായിരുന്ന ശ്രീജിത്ത് ഡിപിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യമായിരിക്കാം ആരോപണത്തിന് പിന്നിലെന്നും ശ്രീജിത്ത്. സ്ത്രീയെ അപമാനിച്ചെന്ന കേസിലെ സസ്പെന്‍ഷന് പിന്നാലെ സര്‍വീസ് ചട്ടം ലംഘിച്ചെന്ന പേരില്‍ ഈ വര്‍ഷം നിലവിലെ ഗതാഗത കമ്മീഷണര്‍ സി.എച്ച്.നാഗരാജുവും ഡിപിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.