കണ്ണൂർ പാനൂർ മൂളിയാതോട് തെങ്ങിൻതോപ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് ഇന്ന് രാവിലെ തോട്ടം തൊഴിലാളികൾ ബോംബുകൾ കണ്ടത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി. ബോംബുകൾ ക്വാറിയിൽ കൊണ്ടുപോയി പൊലീസ് നശിപ്പിച്ചു.
രാവിലെ 9 മണിയോടെ തോട്ടത്തിലെത്തിയ പണിക്കാരാണ് തെങ്ങിൻ ചുവട്ടിൽ നിന്ന് രണ്ട് സ്റ്റീൽ കണ്ടയിനറുകൾ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ പാനൂർ പൊലീസില്‍ വിവരം അറിയിച്ചു. കണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തുകയായിരുന്നു. ബോംബുകൾ കണ്ടെത്തിയ പറമ്പിൽ ഡോഗ് സ്ക്വാഡും, ബോംബ് സ്ക്വാഡും സംയുക്തമായി ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും കൂടുതലൊന്നും കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് നിരീക്ഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞവർഷം ഇതേ പറമ്പിന് എതിർവശത്തുള്ള നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരു സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നത്. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് വീണ്ടും സ്റ്റീൽ ബോബുകൾ കണ്ടെത്തിയതോടെ ആശങ്കയിലാണ് നാട്ടുകാർ.