പത്തനംതിട്ടയിലെ കോണ്‍ഗ്രസ് നേതാവ് എം.ജി.കണ്ണന് നാട് വിട പറയുമ്പോള്‍ ഏറെ നൊമ്പരമായത് മകന്‍ ശിവകിരണായിരുന്നു. വര്‍ഷങ്ങളോളമാണ് രക്താര്‍ബുദം ബാധിച്ച മകന്‍റെ ചികില്‍സയ്ക്കായി കണ്ണനും ഭാര്യയും കഷ്ടപ്പെട്ടത്. കുടുംബം ചിരി വീണ്ടെടുത്ത് അധിക കാലം ആകും മുന്‍പാണ് കണ്ണന്‍ വിട പറഞ്ഞത്.
കണ്ണന് നാട് കണ്ണീരോടെ വിടചൊല്ലുമ്പോള്‍ നെഞ്ചു തകര്‍ന്നായിരുന്നു ശിവകിരണ്‍ ഇരുന്നത്.ഒരിക്കല്‍പ്പോലും മൊബൈല്‍ മോര്‍ച്ചറിയുടെ ചില്ലില്‍ നിന്ന് കയ്യെടുത്തില്ല.ആശുപത്രിയിലെ വിലാപ യാത്ര തുടങ്ങിയത് മുതല്‍ സംസ്കാരം വരെയും രണ്ടുമക്കളും കണ്ണനൊപ്പമുണ്ടായിരുന്നു. 9 വര്‍ഷം മുന്‍പാണ് ശിവകിരണിന് രക്താര്‍ബുദം സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ ആര്‍സിസിയില്‍ നീണ്ട കാലം ചികില്‍സ. അടുത്ത കാലത്താണ് രോഗമുക്തനായ ശിവകിരണ്‍ സ്കൂളില്‍ പോയിത്തുടങ്ങിയത്. പണത്തിനായി നെട്ടോട്ടമോടുമ്പോഴുംആത്മവിശ്വാസവും ബന്ധങ്ങളുടെ കരുതലും കൊണ്ടാണ് അതിജീവിച്ചതെന്ന് കണ്ണന്‍ പറയും. ഇനി എട്ടാം ക്ലാസിലേക്കാണ് ശിവകിരണ്‍.മകന്‍റെ രോഗമുക്തിയുടെ വാര്‍ത്ത മനോരമ ന്യൂസ് കേരള കാനിലൂടെ കണ്ണന്‍ ലോകത്തോട് പറഞ്ഞു.താനും ഭാര്യ സജിതമോളും രോഗകാലത്തെ അതിജീവിച്ചത് മറ്റ് കുടുംബങ്ങള്‍ക്ക് പ്രചോദനം ആകണം എന്നായിരുന്നു കണ്ണന്‍റെ നിലപാട്.
മക്കളായ ശിവകിരണിനേയും ശിവഹര്‍ഷിനേയും സാന്ത്വനിപ്പിക്കാന്‍ പ്രവര്‍ത്തകരും ബന്ധുക്കളും ഏറെപ്പണിപ്പെട്ടു.ശിവകിരണിന് ഇനിയും തുടര്‍ പരിശോധനകള്‍ വേണം. നാടിനും വേണ്ടി ജീവിച്ച കണ്ണന്‍റെ കുടുംബത്തിന് ഇനി കോണ്‍ഗ്രസ് പ്രസ്ഥാനവും നാടും താങ്ങാവും.