കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്നതില്‍ ആശുപത്രിക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ മെഡിക്കല്‍ ബോര്‍ഡിനെതിരെ യുവതിയുടെ കുടുംബം. ആശുപത്രിയെ സംരക്ഷിക്കാനാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും കുടുംബം മനോരമന്യൂസിനോട്. റിപ്പോര്‍ട്ട് എത്തിക്സ് കമ്മറ്റി തള്ളിയത് പ്രതീക്ഷയാണ്. സര്‍ക്കാര‍് ഇടപെട്ട് പുതിയ ബോര്‍ഡ് രൂപീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ നീതുവിന്‍റെ ഒമ്പത് വിരലുകള്‍ മുറിച്ച് മാറ്റേണ്ടി വന്നത് കോസ്മറ്റിക് ആശുപത്രിയില്‍ നടന്ന കൊഴുപ്പ്മാറ്റ ശസ്ത്രക്രിയയിലെ വീഴ്ചമൂലമാണോയെന്നതില്‍ വ്യക്തത വരുത്താതെ ഡി.എം.ഓയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് എത്തിക്സ് കമ്മറ്റി തള്ളുകയും വീണ്ടും പരിശോധന നടത്താന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കുകയും ചെയ്തു. പിന്നാലെയാണ് മെഡിക്കല്‍ ബോര്‍ഡിനും ഡി.എം.ഓയ്ക്കുമെതിരെ കുടുംബം രംഗത്തുവന്നത്. മെഡിക്കല്‍ ബോര്‍ഡിന്‍റെ പരിശോധനയ്ക്ക് മുമ്പ് തന്നെ ശസ്ത്രക്രിയയില്‍ വീഴ്ചയില്ലെന്ന് ഡി.എം.ഓ പറഞ്ഞതായും അതിനാല്‍ ഈ മെഡിക്കല്‍ ബോര്‍ഡില്‍ നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും കുടുംബം മനോരമന്യൂസിനോട് പറഞ്ഞു.
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇടപെട്ട് പുതിയ ബോര്‍ഡ് രൂപീകരിക്കണം. സര്‍ക്കാര്‍ ഇടപെടലുണ്ടാകുന്നില്ലെങ്കില്‍ നീതി തേടി കോടതിയെ സമീപിക്കുമെന്നും കുടുംബം ആവശ്യപ്പെട്ടു.
9 വിരലുകള്‍ മുറിച്ച് മാറ്റേണ്ടി വരികയും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയും ചെയ്യുന്ന നീതു തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഡി.എം.ഓ നിഷ്കര്‍ശിച്ച നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കോസ്മറ്റിക് ആശുപത്രിയുടെ ലൈസന്‍സ് മരവിപ്പിച്ചിട്ടുണ്ട്.