bjpstateteam

ബി.ജെ.പി സംസ്ഥാന സമിതി പുനഃസംഘടന ഉടന്‍ . ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയിലെത്തി. നേരത്തെയുണ്ടായിരുന്ന സംസ്ഥാന സമിതിയിലെ പകുതിപ്പേരും മാറുമെന്നാണ് സൂചന.

ഇടുക്കി ജില്ലയിലെ വികസിത കേരളം പരിപാടിയുടെ ചുമതല  സംസ്ഥാന സെക്രട്ടറിയായിരുന്ന എസ്. സുരേഷിനെ ഏല്‍പ്പിച്ചശേഷമാണ്  സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയിലേക്ക് പോയത്. സ്വന്തം ടീം തിരഞ്ഞെടുപ്പ് വേഗത്തിലാക്കുകയാണ് ലക്ഷ്യം. നാലുജനറല്‍ സെക്രട്ടറിമാര്‍ പത്തുവൈസ് പ്രസിഡന്റുമാര്‍ എന്നിവരുടെ തിരഞ്ഞെടുപ്പാണ് പ്രധാനം.  ജനറല്‍ സെക്രട്ടറിമാരായി  ആര്‍.എസ്.എസ് നേതാവ് എ. ജയകുമാറിനെയും ഹിന്ദു സേവാ കേന്ദ്രം സ്ഥാപകന്‍ പ്രതീഷ് വിശ്വനാഥിനെയും പരിഗണിക്കുന്നു. ഇവരെ ബി.ജെ.പിയിലേക്ക് കൊണ്ടുവരുന്നതിനോട് വി. മുരളീധരപക്ഷത്തിനും ആര്‍.എസ്.എസിനും എതിര്‍പ്പുണ്ടെന്നാണ് അറിയുന്നത്.  എസ്. സുരേഷ് ജനറല്‍ സെക്രട്ടറിയാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഷോണ്‍ ജോര്‍ജ്, ശോഭാസുരേന്ദ്രന്‍ ,അനൂപ് ആന്റണി, കെ.കെ അനീഷ് കുമാര്‍ എന്നിവരും പരിഗണനയിലുണ്ട്.  എം.ടി.രമേശ്, എസ്. സുധീര്‍, സി.കൃഷ്ണകുമാര്‍, ജോര്‍ജ് കുര്യന്‍ എന്നിവരാണ് നേരത്തെയുണ്ടായിരുന്നു ജനറല്‍ സെക്രട്ടറിമാര്‍. സുധീറും കൃഷ്ണകുമാറും വൈസ് പ്രസിഡന്റുമാരായേക്കും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സംസ്ഥാന സമിതി തിരഞ്ഞെടുപ്പ് വേഗത്തിലാക്കുന്നത്.

ENGLISH SUMMARY:

The BJP is set to reorganize its Kerala state committee soon. State president Rajeev Chandrasekhar has reached Delhi for discussions. Reports suggest that nearly half of the current committee members will be replaced.