ദേശീയപാത കടന്നു പോകുന്ന കോഴിക്കോട് വടകരയിൽ അപായസൂചനാ ബോർഡുകൾ ഇല്ലെന്ന് പരാതി. റോഡിന്റെ നിർമാണത്തിനു അനുസരിച്ച് വഴികൾ മാറ്റുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുവെന്നും പരാതിയുണ്ട്. ഇന്നലെ മൂരാട് പാലത്തിന് സമീപം കാർ ദിശ മാറി വന്ന് ട്രാവലറിൽ ഇടിച്ച് നാലുപേർ മരിച്ചതും റോഡ് മാറിയതു മൂലമാണെന്നാണ് നിഗമനം
നാലു പേരുടെ മരണത്തിന് ഇടയാക്കിയ ഈ കാർ സഞ്ചരിക്കേണ്ടിയിരുന്നത് എതിർ വശത്തു കൂടിയായിരുന്നു. കാർ എങ്ങനെ ഈ വഴിയിൽ വന്നു എന്നതിന് ഇപ്പോൾ ഉത്തരമില്ല. ദിശ മാറി വന്ന കാർ വാനിലിടിച്ചാണ് നാലു മരണം സംവിച്ചത്. റോഡിലെ അശാസ്ത്രീയതയും അപകട മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതുമാണ് ഇതിനു കാരണമായി പലരും ചൂണ്ടി കാട്ടുന്നത്
ഒരാഴ്ച മുൻപ് വടകര വഴി പോയ യാത്രക്കാരന് ഇന്ന് ഈ റോഡ് പിടികിട്ടണമെന്നില്ല. നിർമാണത്തിന് അനുസരിച്ച് റോഡിൽ അടിക്കിടെ മാറ്റങ്ങൾ വരുത്തുന്നതാണ് വഴി തെറ്റലിന്‍റെ കാരണം. എതിരെ വാഹനം വരില്ലെന്ന് ഉറപ്പാക്കുന്ന പലരും ചെന്ന് എത്തുന്നത് വലിയ അപകടങ്ങളിലേക്കാണ്. ഇന്നലെ മൂരാട് കണ്ടതും അതു തന്നെ.റോഡ് മാറ്റങ്ങൾ സൂചിപ്പിക്കുന്ന ദിശ ബോർഡുകൾ ഒരുക്കിയില്ലെങ്കിൽ ഇനിയും ഇവിടെ ചോര കളമാകുമെന്നതിൽ സംശയമില്ല