കെപിസിസി നേതൃ മാറ്റത്തിലൂടെ ഐക്യത്തിന് ആഹ്വാനം ചെയ്തു എഐസിസി. പാർട്ടി ഇല്ലെങ്കിൽ വട്ടപ്പൂജ്യമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നേതാക്കളെ ഓർമിപ്പിച്ചു. 2026 ലക്ഷ്യമാക്കി ഒറ്റക്കെട്ടായി നീങ്ങണമെന്ന് വി ഡി സതീശനും രമേശ് ചെന്നിത്തലയും ആഹ്വാനം ചെയ്തപ്പോൾ, ഒറ്റക്കെട്ട് എന്ന് ഇടയ്ക്കിടയ്ക്ക് പറയുന്നത് ജനങ്ങൾക്കിടയിൽ സംശയം ഉണ്ടാക്കുമെന്ന് കെ. മുരളീധരൻ പരിഹസിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ദലിതരെ പരിഗണിക്കാത്തതിനുള്ള നീരസം കൊടിക്കുന്നിൽ സുരേഷും മറച്ചുവച്ചില്ല.
പുതിയ ടീമിനെ സ്വീകരിക്കാൻ തിങ്ങി നിറഞ്ഞ നേതാക്കളോടും പ്രവർത്തകരോടും നേതനേതൃമാറ്റത്തിലൂടെ ഹൈക്കമാൻഡിന്‍റെ ലക്ഷ്യം കെ.സി. വേണുഗോപാൽ വ്യക്തമാക്കിയത് കടുത്ത വാക്കുകളോടെയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിൻറെ അളവുകോൽ പ്രഖ്യാപിച്ചു.
പിണറായി അധികാരത്തിൽ നിന്ന് ഇറക്കാൻ വെമ്പൽ കൊള്ളുന്ന ജനം കോൺഗ്രസിനോട് ഒറ്റക്കെട്ടായി നിൽക്കണം എന്ന് അപേക്ഷിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒറ്റക്കെട്ട് പ്രയോഗത്തിൽ നേതാക്കളെ ട്രോളി കയ്യടി വാങ്ങി പ്രസംഗം തുടങ്ങിയ കെ മുരളീധരൻ, ശരിയായ സമയത്ത് വന്ന ശരിയായ ലിസ്റ്റ് ആണെന്ന് തുറന്നടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ മുഖങ്ങൾ വേണമെന്ന് മുരളീ പറഞ്ഞത് സദസ്സ് ഏറ്റെടുത്തു.
യുഡിഎഫിൽ സ്ഥാനത്തുനിന്ന് മാറ്റിയതിൽ നീരസത്തിൽ ആയിരുന്ന എം.എം.ഹസ്സൻ തനിക്ക് ലഭിച്ചത് സ്ഥാനക്കേറ്റമാണെന്ന് പ്രഖ്യാപിച്ചു. അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതിനുള്ള അതൃപ്തി ദളിത് പ്രാതിനിധ്യത്തെ കൂട്ടുപിടിച്ച് കൊടിക്കുന്നിൽ തുറന്നടിച്ചു.