മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനുംചേർന്ന് നടപ്പാക്കുന്ന ഹൃദയപൂർവം സൗജന്യ ഹൃദയ പരിശോധനാ ക്യാംപിന് കാസർകോട്ട് സമാപനം. രണ്ടുദിവസം നീണ്ടുനിന്ന ക്യാംപിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 250ഓളം പേരാണ് പരിശോധനയ്ക്കെത്തിയത്. ഇവരിൽ നിന്ന് ശസ്ത്രക്രിയ ആവശ്യമുള്ള 26 പേരുടെ മുൻഗണനാ പട്ടിക തയാറാക്കി. ഇതിൽ അഞ്ചുപേർ കുട്ടികളാണ്. ഇവരുടെ യാത്രാ ചെലവടക്കം ഹൃദയപൂർവം പദ്ധതിയിൽനിന്ന് നൽകും. രണ്ടര പതിറ്റാണ്ട് മുമ്പാണ് ഹൃദയപൂർവം പദ്ധതിക്കായി മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും കൈകോർത്തത്. ഇതുവരെ 1500 കുട്ടികളടക്കം 2500 നിർധന രോഗികൾക്കാണ് പദ്ധതി വഴി സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയത്.