പുലിപ്പല്ലുമായി വേടനെ പൂട്ടാന്‍ നടന്നത് ഒരുമാസത്തിലേറെ നീണ്ട ആസൂത്രണമെന്ന് സൂചന. വേടന്‍റെ കൈവശം പുലിപ്പല്ലുണ്ടെന്ന് വനംവകുപ്പിനെ തുടര്‍ച്ചയായി വിളിച്ചറിയിച്ചതും പരാതി അയച്ചതും സംഘടിത നീക്കമെന്ന് സംശയം. വേടന്‍ പിടിയിലായത് വനംവകുപ്പിനെ പൊലീസ് അറിയിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ മനോരമ ന്യൂസിനോട് വ്യക്തമാക്കി.
കഴിഞ്ഞ മാസം 28ാം തീയതിയാണ് തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ പൊലീസ് പരിശോധനയില്‍ വേടനും സംഘവും കഞ്ചാവുമായി പിടിയിലായത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ഹില്‍പാലസ് പൊലീസ് വേടനെ പിടികൂടുന്നത്. രണ്ട് മണിക്കൂറിനകം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കോടനാട് നിന്ന് വേടന്‍റെ ഫ്ലാറ്റില്‍ പരിശോധനയ്ക്കെത്തി. പൊലീസ് അറിയിച്ചതനുസരിച്ചാണ് പരിശോധനയ്ക്കെത്തിയതെന്നായിരുന്നു വനം മന്ത്രിയുടെ വിശദീകരണം. ഒപ്പം വേടന്‍ വനംവകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്നുവെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി.
വേടന്‍ പിടിയിലായെന്നോ കൈവശം പുലിപ്പല്ലുണ്ടെന്നോ പൊലീസ് വനംവകുപ്പിനെ അറിയിച്ചിട്ടില്ലെന്ന് കമ്മിഷണര്‍ തന്നെ വ്യക്തമാക്കുന്നു. വേടന്‍ കഞ്ചാവുമായി പിടിയിലായതറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതാണെന്ന് കമ്മിഷണര്‍.
വേടനെ പൂട്ടാനുള്ള മറ്റുചിലരുടെ ഗൂഡാലോചനയില്‍ വനംവകുപ്പ് കുടുങ്ങിയെന്നാണ് ലഭിക്കുന്ന സൂചനകള്‍. കാരണം ഒരു മാസം മുന്‍പ് തന്നെ വനംവകുപ്പ് വിജിലന്‍സിനും, ഫ്ലയിങ് സ്ക്വാഡിനുമടക്കം വേടനെതിരെ പരാതികള്‍ ലഭിച്ചു. ഫോണ്‍ വഴിയും കത്തായും വനംവകുപ്പിന് തുടര്‍ച്ചയായി പരാതികളെത്തി.
വേടന് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ജനപ്രീതി തകര്‍ക്കാന്‍ നടത്തിയ നീക്കമാണോ എന്ന സംശയങ്ങളും ബാക്കി. അറസ്റ്റ് നാണക്കേടായതോടെ പരാതിക്ക് പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും വനംവകുപ്പും.