ഇന്ത്യയുടെ സമുദ്രമേഖലയില്‍ കരുത്തിന്‍റെയും കൂട്ടായ്മയുടെയും കൊടിപാറിച്ച INS സുനയ്നയ്ക്ക് കൊച്ചിയില്‍ വന്‍വരവേല്‍പ്പ്. ഐഒഎസ് സാഗര്‍ പദ്ധതിയുടെ ഭാഗമായി ഒന്‍പത് സൗഹൃദരാജ്യങ്ങളുമായി സഹകരിച്ചാണ് സുനയ്നയില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത്. നാവികസേന ദക്ഷിണമേഖല മേധാവി വൈസ് അഡ്മിറല്‍ വി ശ്രീനിവാസിന്‍റെ നേതൃത്വത്തിലാണ് സുനയ്നയ്ക്ക് ബിഗ് സല്യൂട്ട് നല്‍കിയത്.
കൊച്ചി തീരത്ത് സുനയ്ന എത്തി. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങളുമായുള്ള സഹകരണം ലക്ഷ്യമിട്ട് ഇന്ത്യന്‍ ഓഷ്യന്‍ ഷിപ്പ് സാഗര്‍ പദ്ധതിയുടെ ഭാഗമായ പര്യടനം പൂര്‍ത്തിയാക്കിയാണ് വരവ്. കെനിയ, മഡഗാസ്കര്‍, മാലദ്വീപ്, മൗറീഷ്യസ്, മൊസാംബിക്, സീഷെല്‍സ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, കൊമറോസ് എന്നീ രാജ്യങ്ങളാണ് കൈകോര്‍ത്തത്. കൊച്ചിയിലെ നാവിക പ്രഫഷനല്‍ കേന്ദ്രങ്ങളില്‍ ഈ രാജ്യങ്ങളിലെ നാവികര്‍ക്ക് രണ്ടാഴ്ച്ചത്തെ പരിശീലനം നല്‍കി. ദാര്‍ എസ് സലാം, നകാല, പോര്‍ട്ട് ലൂയിസ്, പോര്‍ട്ട് വിക്ടോറിയ എന്നിവടങ്ങളിലെ തുറമുഖങ്ങളിലും സുനയ്ന സന്ദര്‍ശിച്ചു.
ടാന്‍സാനിയയിലെയും മൊസാംബിക്കിലെയും മൗറീഷ്യസിലെയും എക്സ്ക്ലൂസീവ് ഇക്കണോമിക് സോണുകളിലെ സംയുക്ത നിരീക്ഷണവും സുനയ്ന നടത്തി. അനധികൃത മീന്‍പിടുത്തം, ലഹരി മരുന്ന് കടത്ത്, കടല്‍ക്കൊള്ള എന്നിവ നേരിടുകയും സമുദ്രസുരക്ഷ ശക്തിപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. ടാന്‍സാനിയയിലെ ആദ്യ സമുദ്രാഭ്യാസമായ ആഫ്രിക–ഇന്ത്യ കീ മാരിടൈം എന്‍ഗേജ്മെന്‍റിലും സുനയ്ന പങ്കെടുത്തു.