ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭീകരവാദത്തിനെതിരായി സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് മുഖ്യമന്ത്രി. പഹല്‍ഗാമില്‍ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നില്‍ എത്തിക്കണം. പാക്കിസ്ഥാനില്‍ ഭീകരക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നയതന്ത്ര ഇടപെടലുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ ആഹ്വാനം ചെയ്തു. 

ഭീകരതയ്ക്കെതിരായ ധീരമായ ചൂവടുവെപ്പിൽ അഭിനന്ദനവും പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഭീകരക്യാമ്പുകളെ തുടച്ച് നീക്കണമെന്നും രാജ്യം ഒറ്റക്കെട്ടായി സൈന്യത്തിനും സർക്കാരിനുമൊപ്പമെന്നും കോൺഗ്രസ് പറഞ്ഞു. സൈന്യത്തെ ഓർത്ത് അഭിമാനം എന്ന് രാഹുൽ ഗാന്ധി. സൈന്യത്തിന് നിരുപാധികം പിന്തുണയെന്ന് മല്ലികാർജുൻ ഖർഗെ. നീതി നടപ്പാക്കിയെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ.ആന്‍റണി.

എന്നും ക്ഷമയോടും ധൈര്യത്തോടും വെല്ലുവിളികളെ നേരിടാൻ അവർക്കാകട്ടെ എന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. പരിഷ്കൃത ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ലെന്ന് കെ.സി.വേണുഗോപാൽ പ്രതികരിച്ചു. ഭീകരവാദത്തോട് സന്ധിയില്ല എന്ന ശക്തമായ സന്ദേശം നൽകി എന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഓപ്പറേഷൻ സിന്ദൂരിനെ സ്വാഗതം ചെയ്യുന്നു എന്നും ഭീകരത തുടച്ച് നീക്കാൻ തുടർനടപടികൾ പ്രതീക്ഷിക്കുന്നു എന്നും സി.പി.എം. 

ഇനിയൊരു പഹൽഗാം ഉണ്ടാകാതിരിക്കാനുള്ള ശക്തമായ മറുപടി എന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. ഭീകരതയും വിഘടനവാദവും രാജ്യത്ത് അനുവദിക്കില്ലെന്ന് ആര്‍‍ജെഡി നേതാവ് തേജസ്വി യാദവ് ആവർത്തിച്ചു. ധീരതയുടെ വിജയം അഖിലേഷ് യാദവ് എങ്ക്സിൽ കുറിച്ചു. ‘ജയ് ഹിന്ദ്, ജയ് ഇന്ത്യ’ എന്ന് തൃണമൂല്‍ കോണ്‍ഗ്രസും പ്രതികരിച്ചു.

ENGLISH SUMMARY:

Kerala Chief Minister Pinarayi Vijayan has extended full support to Operation Sindoor, lauding the Indian Army’s decisive action against terrorism. In a Facebook post, he emphasized the need to bring the perpetrators of the Pahalgam attack to justice and called for diplomatic efforts to ensure terror camps are not operational in Pakistan. The CM urged all Indian citizens to stand united in protecting the integrity and sovereignty of the nation, reaffirming that any move against terrorism must be strongly backed by the people.