സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വയനാടിന് ഉല്‍സവമായി എന്‍റെ കേരളം പ്രദര്‍ശന–വിപണനമേള. കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് 44385 ചതുരശ്രഅടിയില്‍ ക്രമീകരിച്ച പവലിയനില്‍ 200 ലധികം ശിതീകരിച്ച സ്റ്റാളുകളിലാണ് പ്രദര്‍ശനമൊരുക്കിയത്. ഏപ്രില്‍ 24 ന് തുടങ്ങിയ പ്രദര്‍ശനം കാണാന്‍ നാടാകെ പ്രദര്‍ശന നഗരിയിലേക്ക് ഒഴുകിയെത്തി.
ഒമ്പത് വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളും അതിന്‍റെ നേട്ടങ്ങളും ബോധ്യപ്പെടുത്തുന്നതായിരുന്നു 85 ഡിപ്പാര്‍മെന്‍റുകളുടെ സ്റ്റാളുകള്‍. സ്റ്റാര്‍ട്ടപ്പ് മിഷന്‍, പൊതുമരാമത്ത്, ടൂറിസം, കിഫ്‌ബി, കായികം , ജയില്‍, വനം വകുപ്പ് അടക്കമുള്ള വിവിധ സ്റ്റാളുകള്‍ ജനശ്രദ്ധനേടി. പ്രദര്‍ശനമേളയുടെ പ്രധാനഗേറ്റിനു മുന്നിലൊരുക്കിയ ബെയ്‌ലി പാലത്തിന്‍റെ മാതൃക കടന്നായിരുന്ന സ്റ്റാളുകളിലേക്കുള്ള പ്രവേശനം.
കായിക വകുപ്പിന്‍റെ വിവിധ പ്രവര്‍ത്തികളൊരുക്കിയ സ്റ്റാളാണ് കാഴ്ചക്കാരെ പ്രദര്‍ശന നഗരിയിലേക്ക് വരവേറ്റത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഗെയ്‌മിങ് പ്ലോട്ടും ഇവിടെ ഒരുക്കിയിരുന്നു. മണ്‍കലങ്ങളും മണ്ണുല്‍പന്നങ്ങളും കാണാമറയത്താകുന്ന കാലമാണിത്. അതിനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ പട്ടിണിയിലും. അവരുടെ അധ്വാനത്തെ ജനങ്ങളിലെത്തിക്കുന്നതായിരുന്നു മറ്റൊരു സ്റ്റാള്‍
ചൂരല്‍മലയില്‍ പുനര്‍നിര്‍മിക്കാനിരിക്കുന്ന പാലത്തിന്‍റെ മാതൃകയാണ് വയനാടിനായി പൊതുമരാമത്ത് വകുപ്പ് ഒരുക്കിയത്.സ്കൂളിനടുത്ത് മണ്ണിടിച്ചിലോ വന്യജീവി സാന്നിധ്യമോ ഉണ്ടായാല്‍ മുന്നറിയിപ്പ് തരുന്ന AI BASED SMART CITY പദ്ധതി ഒരുക്കിയ ലൂര്‍ദ് മാതാ ഹയര്‍സെക്കന്‍ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ സ്റ്റാളിനെ മികവുറ്റതാക്കി.
ചൂരല്‍മലയിലേയും മുണ്ടകൈയിലേയും രക്ഷാ പ്രവര്‍ത്തനം ഓര്‍മിപ്പിക്കുന്നതായിരുന്നു അഗ്നിരക്ഷാസേനയുടെ പ്രദര്‍ശനം. ജയിലും , തൂക്കിലേറ്റുന്നതടക്കമുള്ള ശിക്ഷാരീതികളും വിശദീകരിക്കുന്നതായരുന്നു ജയില്‍ വകുപ്പിന്‍റെ സ്റ്റാള്‍. എകെജിയുടേയും പിണറായി വിജയന്‍റെയും ജയില്‍കുറിപ്പുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു
ഭക്ഷ്യമേളയും സാസ്‌കാരിക മേളയും പ്രദര്‍ശനമേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. ആല്‍മരം ബാന്‍ഡും സാമിര്‍ ബിന്‍സിയുടേയും കൃഷ്‌ണപ്രഭയുടേയും ബാന്‍ഡുമെല്ലാം തുറന്ന വേദിയില്‍ പരിപാടികള്‍ അവതരിപ്പിച്ചു. ഏപ്രില്‍ 28ന് മേള സമാപിച്ചു . നേരത്തെ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല സംഗമത്തില്‍ വയനാട്ടെ 600 ഓളം പൗരപ്രമുഖരുമായി മുഖ്യമന്ത്രി സംവദിച്ചിരുന്നു. അന്നേ ദിവസം തന്നെ ഭൂരഹിതരായ 123 കുടുംബങ്ങള്‍ക്ക് പരൂര്‍കുന്നില്‍ ഒരുക്കിയ വീടുകളുടെ താക്കോല്‍ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു.