നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കിനൽകിയ നെയ്യാറ്റിൻകരയിലെ അക്ഷയ സെൻറർ ജീവനക്കാരി കസ്റ്റഡിയിൽ. പാറശ്ശാല സ്വദേശിയായ വിദ്യാർത്ഥിക്ക് പത്തനംതിട്ട സെൻറർ വച്ച് വ്യാജഹാൾ ടിക്കറ്റ് തയ്യാറാക്കിയ ഗ്രീഷ്മയാണ് പിടിയിലായത്. കുറ്റക്കാരനല്ലെന്ന് കണ്ടതോടെ വ്യാജ ഹാള്‍ ടിക്കറ്റുമായി പരീക്ഷക്കെത്തിയ വിദ്യാര്‍ഥിയെ വിട്ടയച്ചു.
നെയ്യാറ്റിൻകരയിലെ അക്ഷയ സെൻററിൽ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ പണം നൽകിയ വിദ്യാർത്ഥിക്ക് വ്യാജ ഹാൾടിക്കറ്റ് നിർമ്മിച്ചു നൽകിയ കേസിലാണ് ജീവനക്കാരി ഗ്രീഷ്മ പിടിയിലായത്. ഗ്രീഷ്മയുമായി അക്ഷയ സെൻററിൽ എത്തിയ പത്തനംതിട്ട പൊലീസ് കമ്പ്യൂട്ടറും ഹാർഡ് ഡിസ്കും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ ഒട്ടും മടിയില്ലാതെ തന്നെ ഗ്രീഷ്മ കുറ്റം സമ്മതിച്ചു.
ഗ്രീഷ്മയുടെ മൊഴി ഇങ്ങനെയാണ് : വിദ്യാർത്ഥിയുടെ അമ്മ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ 1850 രൂപ നൽകി, എന്നാൽ രജിസ്റ്റർ ചെയ്യാൻ മറന്നു പോയി. വിദ്യാർത്ഥി നിരന്തരം ഹാൾ ടിക്കറ്റിന് ആവശ്യപ്പെട്ടപ്പോൾ വ്യാജഹാൾ ടിക്കറ്റ് തയ്യാറാക്കി നൽകുകയായിരുന്നു. അഭിറാം എന്ന് പേരുള്ള വിദ്യാർത്ഥിയുടെ ഹാൾടിക്കറ്റിന്റെ പകർപ്പിൽ പേരും അഡ്രസ്സും തിരുത്തിയാണ് ജിത്തു എന്ന വിദ്യാർത്ഥിക്ക് ഹാൾടിക്കറ്റ് നൽകിയത്. സെൻറർ ദൂരെ ലഭിച്ചതിനാൽ വിദ്യാർത്ഥി പരീക്ഷയെഴുതാൻ പോകില്ലെന്ന് കരുതിയാണ് പത്തനംതിട്ട സെൻറർ വെച്ചത്. ഗൂഗിളിൽ നിന്നാണ് പരീക്ഷയില്ലാത്ത സെൻറർ കണ്ടെത്തിയതെന്ന് ഗ്രീഷ്മ മൊഴി നൽകി.
ഇന്നലെ പത്തനംതിട് തൈക്കാവ് വി.എച്ച്.എസ് സ്കൂളിൽ നീറ്റ് പരീക്ഷ എഴുതാൻ എത്തിയ പാറശ്ശാല സ്വദേശി ജിത്തുവിൽ നിന്നാണ് വ്യാജ ഹാൾടിക്കറ്റ് പിടികൂടിയത്. കമ്പ്യൂട്ടർ സെൻറർ ജീവനക്കാരിയാണ് ഹാൾടിക്കറ്റ് നൽകിയതെന്ന് മൊഴിയാണ് ഗ്രീഷ്മയിലേക്ക് പൊലീസിനെ എത്തിച്ചത്. വിദ്യാർത്ഥിക്കെതിരെ ആൾമാറട്ടത്തിനും വ്യാജ രേഖ ചമയ്ക്കലിനും കേസെടുത്തിരുന്നു.