തെരുവുനായ നിയന്ത്രണം പൂര്‍ണമായി പാളുമ്പോഴും പഴിയെല്ലാം കേന്ദ്രത്തിന്‍റെ ചുമലില്‍ ചാരി സംസ്ഥാനം. തെരുവു നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കുന്നതിനുളള വ്യവസ്ഥകള്‍ കേന്ദ്രം ലഘൂകരിക്കണമെന്ന് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 5 വര്‍ഷത്തിനിടെ 13 ലക്ഷം പേര്‍ നായ കടിയേറ്റ് ചികില്‍സ തേടിയപ്പോള്‍ 103 പേര്‍ പേവിഷ ബാധയേറ്റ് മരിച്ചു. ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
എസ് എ ടി ആശുപത്രിയില്‍ നിയയുടെ മൃതദേഹം പുറത്തേയ്ക്ക് എടുക്കുമ്പോള്‍ ആംബുലന്‍സ് കിടന്ന ഭാഗത്തും പരിസര പ്രദേശത്തും തെരുവുനായ്ക്കളുടെ വിളയാട്ടമായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട അമ്മയുടേയും കുഞ്ഞുങ്ങളുടേയും ആശുപത്രിയിലെ കാഴ്ച. ജനുവരി മുതല്‍മാര്‍ച്ച് വരെ മാസങ്ങളില്‍ 10054 പേരാണ് നായ കടിയേറ്റ് സംസ്ഥാനത്ത് ചികില്‍സ തേടിയത്. 2024 ല്‍ മാത്രം 316793 പേരും നായ കടിയേറ്റ് ചികില്‍സയ്ക്കെത്തി. 9 വര്‍ഷത്തിനിടെ സംസ്ഥാനം പേവിഷ പ്രതിരോധ മരുന്നിന് ചെലവാക്കിയത് 104 കോടി 83 ലക്ഷം രൂപ. 5 വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 103 പേര്‍.
തെരുനായ വന്ധ്യംകരണം പൂര്‍ണായും പാളിയതും തെരുവുനായ്ക്കളുടെ വാക്സിനേഷന്‍ പാളിയതും മറച്ച് പിടിച്ച് പഴിയെല്ലാം കേന്ദ്രത്തിനുമേല്‍ ചാരി തദ്ദേശ മന്ത്രി കൈകഴുകി. എന്നാല്‍ തെരുവുനായകളെ നിയന്ത്രിക്കണമെന്നും ഇക്കാര്യം തദ്ദേശ വകുപ്പിനോട് ആവശ്യപ്പെടുമെന്നും ആരോഗ്യവകുപ്പിലെ വിദഗ്ധ സംഘം പറഞ്ഞു. വാക്സീന്‍ സംബന്ധിച്ചുയര്‍ന്ന പരാതികളെക്കുറിച്ച് അന്വേഷിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.