neet-fake-hallticket-case-2

നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കി നൽകിയ നെയ്യാറ്റിൻകരയിലെ അക്ഷയ സെന്‍റര്‍ ജീവനക്കാരി കസ്റ്റഡിയിൽ. പാറശാല സ്വദേശിയായ വിദ്യാർഥിക്ക് പത്തനംതിട്ട സെന്‍റര്‍ വച്ച് വ്യാജ ഹാൾടിക്കറ്റ് തയ്യാറാക്കിയ ഗ്രീഷ്മയാണ് പിടിയിലായത്. പരീക്ഷ റജിസ്റ്റർ ചെയ്യാൻ വിദ്യാർഥിയുടെ അമ്മ പണം നൽകിയെങ്കിലും മറന്നു പോയെന്നും പരീക്ഷ എഴുതില്ല എന്ന് കരുതിയാണ് വ്യാജ ഹാൾ ടിക്കറ്റ് തയ്യാറാക്കിയത് എന്നുമാണ് ഗ്രീഷ്മയുടെ മൊഴി.

നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിൽ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ പണം നൽകിയ വിദ്യാർഥിക്ക് വ്യാജ ഹാൾടിക്കറ്റ് നിർമ്മിച്ചു നൽകിയ കേസിലാണ് ജീവനക്കാരി ഗ്രീഷ്മ പിടിയിലായത്. ഗ്രീഷ്മയുമായി അക്ഷയ സെൻററിൽ എത്തിയ പത്തനംതിട്ട പോലീസ് കംപ്യൂട്ടറും ഹാർഡ് ഡിസ്കും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ ഒട്ടും മടിയില്ലാതെ തന്നെ ഗ്രീഷ്മ കുറ്റം സമ്മതിച്ചു.

ഗ്രീഷ്മയുടെ മൊഴി ഇങ്ങനെയാണ്: വിദ്യാർഥിയുടെ അമ്മ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്യാൻ 1850 രൂപ നൽകി,  എന്നാൽ റജിസ്റ്റർ ചെയ്യാൻ മറന്നു പോയി. വിദ്യാർഥി നിരന്തരം ഹാൾ ടിക്കറ്റിന് ആവശ്യപ്പെട്ടപ്പോൾ  വ്യാജഹാൾ ടിക്കറ്റ് തയ്യാറാക്കി നൽകുകയായിരുന്നു. അഭിറാം എന്ന് പേരുള്ള വിദ്യാർഥിയുടെ ഹാൾടിക്കറ്റിന്റെ പകർപ്പിൽ പേരും അഡ്രസ്സും തിരുത്തിയാണ് ജിത്തു എന്ന വിദ്യാർഥിക്ക് ഹാൾടിക്കറ്റ് നൽകിയത്.   സെന്റർ ദൂരെ ലഭിച്ചതിനാൽ വിദ്യാർഥി പരീക്ഷയെഴുതാൻ പോകില്ലെന്ന് കരുതിയാണ് പത്തനംതിട്ട സെന്റര്‍വച്ചത്. ഗൂഗിളിൽ നിന്നാണ് പരീക്ഷയില്ലാത്ത സെന്റർ കണ്ടെത്തിയതെന്ന് ഗ്രീഷ്മ മൊഴി നൽകി. 

ഇന്നലെ പത്തനംതിട് തൈക്കാവ് വിഎച്ച്എസ്‌എസ് സ്കൂളിൽ നീറ്റ് പരീക്ഷ എഴുതാൻ എത്തിയ പാറശ്ശാല സ്വദേശി ജിത്തുവിൽ നിന്നാണ് വ്യാജ ഹാൾടിക്കറ്റ് പിടികൂടിയത്. കംപ്യൂട്ടർ സെന്റർ ജീവനക്കാരിയാണ് ഹാൾടിക്കറ്റ് നൽകിയതെന്ന് മൊഴിയാണ് ഗ്രീഷ്മയിലേക്ക് പോലീസിനെ എത്തിച്ചത്. വിദ്യാർഥിക്കെതിരെ ആൾമാറട്ടത്തിനും വ്യാജ രേഖ ചമയ്ക്കലിനും കേസെടുത്തിരുന്നു.

ENGLISH SUMMARY:

In Pathanamthitta, a staff member from Neyyattinkara Akshaya Centre has been taken into custody for producing a fake hall ticket for the NEET exam. The employee has admitted to creating the forged document. The student who was caught during the NEET exam testified that the Akshaya Centre staff deceived them. Police have seized the computer and hard disk from the Neyyattinkara Akshaya Centre. Meanwhile, a case has also been registered against the student for impersonation and forgery.