അച്ഛന് കരള്‍ പകുത്ത് നല്‍കി, ആരോഗ്യം വീണ്ടെടുത്ത് മകൾ നേരെ പോയത് പരീക്ഷാഹാളിലേക്ക്. കരള്‍ രോഗ ബാധിതനായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി അജിതനെയാണ് മകൾ അക്ഷര ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
ഉത്തര്‍ പ്രദേശില്‍ ഡോ. എ.പി.ജെ.അബ്ദുല്‍ കലാം ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സ് & ക്രിമിനോളജിയിലെ അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ് അക്ഷര. പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് അച്ഛന് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ലിസി ആശുപത്രിയിലെ ഗാസ്ട്രോ എന്‍ററോളജി വിഭാഗത്തിൽ വിശദമായ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ചു. പരിശോധനയിൽ തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയത് വെല്ലുവിളിയായി. പരീക്ഷ അച്ഛന്‍റെ ജീവന്‍ രക്ഷിക്കാന്‍ തടസമാകരുതെന്ന് പറഞ്ഞ് കരൾ പകുത്തു നൽകുവാൻ അക്ഷര മുന്നോട്ട് വരികയായിരുന്നു. എപ്രില്‍ 8-ാം തിയതി നടന്ന കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം പൂര്‍ണ ആരോഗ്യത്തോടെ അച്ഛനും മകളും ആശുപത്രി വിട്ടു. ലിസി ആശുപത്രി കരള്‍ രോഗവിഭാഗം തലവന്‍ ഡോ. ബി. വേണുഗോപാലിന്‍റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
ഉത്തര്‍പ്രദേശില്‍ തിരിച്ചെത്തിയ അക്ഷര കരളുറപ്പോടെ പരിക്ഷയെഴുതി. ഇത്രയും വേഗം പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തുവാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചില്ല എന്നും അഛന്‍റെ അനുഗ്രഹവും പ്രാർത്ഥനയും കൂടെയുള്ളതിനാൽ പരീക്ഷ വളരെ എളുപ്പമായെന്നും അക്ഷര പറയുന്നു.