പതിനാറ് വയസുള്ള ഡൗൺസിൻഡ്രോം ബാധിതയായ പെൺകുട്ടിയെ വലിച്ചിഴച്ച് അടുക്കളയിലെത്തിച്ച് ക്രൂരമായി മർദിച്ച ശേഷം, ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 47 വർഷം കഠിനതടവ്. പെണ്‍കുട്ടിയുടെ അടുത്തബന്ധു കൂടിയായ പ്രതി രാജീവിനെയാണ് (41) കഠിനതടവിനും 25,000 രൂപ പിഴ അടക്കാനും തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്.

2020 സെപ്തംബർ 25നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സഹോദരിയുടെ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായത്. മുറിയിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു. അപ്പോള്‍ പെണ്‍കുട്ടി എതിര്‍ത്തു. തുടര്‍ന്ന് 16കാരിയെ വലിച്ചിഴച്ച് അടുക്കള ഭാഗത്ത് കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച ശേഷമാണ് പീഡിപ്പിച്ചത്.

സഹോദരി പുറത്ത് പോയി മടങ്ങി വന്നപ്പോള്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുന്നതാണ് കണ്ടത്. അവര്‍ പ്രതിയെ വടികൊണ്ട് അടിച്ചോടിക്കുകയായിരുന്നു. ക്രൂര പീഡനത്തിന് ഇരയായ കുട്ടി ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു. നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. നേരത്തേയും 2 വട്ടം ഇയാള്‍ തന്നെ പീഡിപ്പിച്ചുവെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. പീഡനത്തിന് ശേഷം രാജീവ് ഭീഷണിപ്പെടുത്തിയതിനാലാണ് പെണ്‍കുട്ടി വിവരം പുറത്തു പറയാന്‍ മടിച്ചത്.

ഭിന്നശേഷിക്കാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ദയയും അർഹിക്കുന്നില്ലെന്നാണ് കോടതി വിലയിരുത്തിയത്. പ്രോസിക്യൂഷൻ 31സാക്ഷികളെ വിസ്തരിക്കുകയും 31രേഖകളും 3 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.

ENGLISH SUMMARY:

Sexual assault of Down syndrome patient, accused gets 47 years in prison