കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമിലെ തീപിടിത്തതിന് ശേഷം അത്യാഹിത വിഭാഗത്തിൽ മരണം സ്ഥിരീകരിച്ച രോഗികളുടെ പോസ്റ്റുമോർട്ടം നടത്തിയേക്കും. പുകയേറ്റാണ് പലരും മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് പോസ്റ്റുമോർട്ടം നടത്തുക.
മൂന്നുപേര്‍ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് ടി.സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. സംഭവത്തിനിടെ 5 മൃതദേഹങ്ങള്‍ അധികൃതര്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങളുടെ മരണകാരണം സ്ഥിരീകരിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും.
കോഴിക്കോട് സ്വദേശി ഗോപാലന്‍ മരിച്ചത് വെന്‍റിലേറ്റര്‍ വിഛേദിച്ചതിനാലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മരണകാരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. കരള്‍, കാന്‍സര്‍, ന്യുമോണിയ രോഗങ്ങള്‍ ബാധിച്ച മൂന്നുപേരും വിഷം കഴിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു സ്ത്രീയുമാണ് മരിച്ചതെന്നും സൂപ്രണ്ട് വ്യക്തമാക്കി.
മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ബീച്ച് ആശുപത്രിയിലുണ്ടാകും. രണ്ടു ദിവസത്തിനകം കെട്ടിടത്തിലെ വയറിങ്ങിലും ബലക്ഷയം ഉണ്ടായിട്ടുണ്ടോ എന്നതിലും പരിശോധന നടത്തി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം പൂർവസ്ഥിതിയിലാക്കാൻ കഴിയുമെന്ന് ആശുപത്രി സൂപ്രണ്ടും വ്യക്തമാക്കി. അത്യാഹിത വിഭാഗത്തിലെ യു പി എസ് റൂമിൽ നിന്ന് ഇന്നലെ രാത്രി 7.30 ഓടെയാണ് തീയും പുകയും ഉയർന്നത്.
അതേസമയം, കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമിൽ നിന്ന് തീയും പുകയും ഉയർന്നതില്‍ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം നടത്തും. തീപിടിത്തത്തെക്കുറിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആരോഗ്യ വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് നൽകും. യു.പി.എസ് മുറിയിൽ നിന്ന് പുക ഉയർന്ന പശ്ചാത്തലത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സാങ്കേതിക അന്വേഷണവും നടത്തും.