വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ താന്‍ മുദ്രാവാക്യം വിളിച്ചതിനോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പ്രവര്‍ത്തകരെ കാണാനാണ് താന്‍ നേരത്തേ എത്തിയത്. കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് അതില്‍ സങ്കടം തോന്നുമെന്നും, അദ്ദേഹം ഡോക്ടറെ കാണട്ടെയെന്നും രാജീവ് പരിഹസിച്ചു. സിപിഎമ്മുകാര്‍ മുഴുവന്‍ ട്രോളുകയാണ്, അവര്‍ ട്രോളട്ടെ, ഈ ട്രെയിന്‍ വിട്ടുകഴിഞ്ഞെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സദസിലിരുന്ന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ‘ഞങ്ങൾ സദസിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും’ എന്ന കുറിപ്പോടെ മുഹമ്മദ് റിയാസ് എം.വി. ഗോവിന്ദനും കെ.എൻ. ബാലഗോപാലിനും മുഖ്യമന്ത്രിയുടെ ഭാര്യ കമലയ്ക്കും ഒപ്പമുള്ള ചിത്രവും ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.
അതേസമയം, വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ രാജീവ് ചന്ദ്രശേഖറിനെ ഇരുത്തിയത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ജനങ്ങള്‍ എല്ലാം വിലയിരുത്തുന്നുണ്ട്. നയാപൈസ
കേന്ദ്രം പദ്ധതിക്കുവേണ്ടി നല്‍കിയില്ല. മനഃസാക്ഷിക്കുത്ത് കൊണ്ടാണ് കോണ്‍ഗ്രസ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്നും എം.വി.ഗോവിന്ദന്‍.
വിഴിഞ്ഞം ഉദ്ഘാടനച്ചടങ്ങില്‍ കാഴ്ചക്കാരനായി ഇരിക്കേണ്ടതില്ലാത്തതിനാലാണ് പോകാത്തതെന്ന് വിഡി സതീശന്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ വേദിയില്‍ മുദ്രാവാക്യം വിളിച്ചത് കണ്ടപ്പോള്‍ പോകാതിരുന്നത് നന്നായെന്ന് തോന്നിയതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഴിഞ്ഞം ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത് കേരള സര്‍ക്കാരിന്‍റെ ഔദാര്യത്തിലല്ലെന്ന് കെ.സുരേന്ദ്രനും പറഞ്ഞു
വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ബി.െജ.പിക്ക് എന്ത് അവകാശമെന്ന് സിപിഎം മുഖപത്രം. തുറമുഖം യാഥാര്‍ഥ്യമാക്കിയതിന് പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ വേദിയിലെത്തിയത് പിന്‍വാതിലിലൂടെയെന്നും ആരോപണം. സദസിലിരിക്കുന്നവര്‍ക്ക് മുദ്രാവക്യം വിളിച്ചുകൊടുത്ത ബിജെപി അധ്യക്ഷന്റേത് അല്‍പ്പത്തരം. ചടങ്ങില്‍ നിന്ന് വിട്ടുനിന്ന പ്രതിപക്ഷ നേതാവിന്റേത് സങ്കുചിത രാഷ്ട്രീയമെന്നും സിപിഎം മുഖപത്രത്തില്‍ വിമര്‍ശനം
വിഴിഞ്ഞം തുറമുഖം കമ്മിഷനിങ്ങില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാത്തതിനെതിരെ ശശി തരൂര്‍ എംപി. ഔദ്യോഗിക പ്രഭാഷകരില്‍ ആരും ഉമ്മന്‍ ചാണ്ടിയുടെ പേര് പോലും പരാമര്‍ശിച്ചില്ല. ഇതില്‍ താന്‍ ലജ്ജിക്കുന്നുവെന്നും ശശി തരൂര്‍. ഉമ്മന്‍ ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നു, എന്നാല്‍ തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും തരൂര്‍. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ശശി തരൂരിന്‍റെ വിമര്‍ശനം.