തൃശൂർ കുന്നംകുളത്ത് ആരോരും അറിയാതെ നെഞ്ചു കലങ്ങി ജീവിക്കുന്ന ഒരു കുടുംബമുണ്ട്. രോഗം വന്ന അച്ഛനെ നോക്കാനും തുടർന്ന് പഠിക്കുവാനും ആയി ജോലിക്ക് പോകുന്ന ഒരു വിദ്യാർത്ഥിനി. വാടക കൊടുക്കാത്തതിനാൽ വാടക വീട്ടിൽ നിന്ന് ഇറങ്ങേണ്ട അവസ്ഥയാണ് ഇപ്പോൾ.
സ്ട്രോക്ക് വന്ന് വർഷങ്ങളായി കിടപ്പിലാണ് ഗൃഹനാഥനായ വദനമോഹനൻ, 240 രൂപയാണ് അമ്മയുടെ ദിവസവേതനം. 25 വയസ്സുള്ള മുത്ത സഹോദരി ഓട്ടിസം ബാധിച്ച് ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകുന്നു. ഈ ജീവിതാവസ്ഥകൾക്കിടയിലും അച്ഛനെ നോക്കുവാനും തന്‍റെ സ്വപ്നമായ ജോലി നേടിയെടുക്കാനും, മാസാവസാനം വാടക നൽകാൻ പണം കണ്ടെത്തുവാനും ആയി ജോലിക്ക് പോകുകയാണ് പ്ലസ് ടു വിദ്യാർഥിനിയായ ആതിര.
ഓട്ടിസം ബാധിച്ചവർക്ക് പ്രതിമാസം 1600 രൂപ പെൻഷൻ ലഭിക്കുന്നത് ആശ്വാസമാകുന്നുണ്ടെങ്കിലും നാലംഗ കുടുബത്തിന് അത് കടലിൽ കായം കലക്കിയതുപോലെയാണ്. ആറായിരം രൂപയാണ് മാസവാടക. ഇത് കൊടുക്കാത്തതുകൊണ്ട് വീട്ടിൽ നിന്ന് താമസം മാറേണ്ട അവസ്ഥയാണിപ്പോൾ. ഇളയ മകളായ ആതിര ഇപ്പോൾ പ്ലസ് ടു റിസൾട്ടിനായി കാത്തിരിക്കുകയാണ്. നഴ്സിങ് പഠനത്തിനായി പണം കണ്ടെത്തുന്നതിനാണ് ഇപ്പോൾ ജോലിക്കു പോകുന്നത്. ഈ പണത്തിൽനിന്ന് വാടകയ്ക്കും അച്ഛന് മരുന്നു വാങ്ങാനുമായി പണം നീക്കിവയ്ക്കണം. ബാക്കിയായി ഒന്നുമില്ല. പിന്നെങ്ങനെ പഠിക്കും. അതാണ് ആതിരയുടെ മുന്നിലെ ചോദ്യചിഹ്നം.