സംസ്ഥാനത്ത് കിഫ്ബി ധനസഹായത്തോടെ ആരോഗ്യമേഖലയില്‍ വികസനമുന്നേറ്റം. പതിനായിരം കോടിയിലേറെ രൂപയുടെ വികസനമാണ് ആരോഗ്യമേഖലയില്‍ നടപ്പാക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുളളവയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.
കിഫ്ബി ചിറകിലേറി ആരോഗ്യവകുപ്പിന്‍റെ കുതിപ്പ്. പൊട്ടിപ്പൊളിഞ്ഞ തറകളും ചോര്‍ന്നൊലിക്കുന്ന വാര്‍ഡുകളും ഇനി പഴങ്കഥ. സംസ്ഥാനത്ത് ഉടനീളം ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജനറല്‍ ആശുപത്രി വരെ, കാന്‍സര്‍ കെയര്‍ സെന്‍ററുകള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ മുഖം മാറുകയാണ്.പ്രാഥമിക തലം മുതല്‍ ത്രിതീയ തലം വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ രംഗത്താണ് വന്‍ വികസന കുതിപ്പ്. കിഫ്ബിയുടെ ആവിര്‍ഭാവമാണ് ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യ രംഗത്ത് മുമ്പെങ്ങുമില്ലാത്ത വികസനം സാധ്യമാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികള്‍, ക്യാന്‍സര്‍ ചികിത്സ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന 78 പ്രോജക്ടുകളാണ് നടപ്പാക്കുന്നത്. 5700 കോടി രൂപയ്ക്കുള്ള ഭരണാനുമതി ലഭിച്ചു. മെഡിക്കല്‍ കോളജുകളാണ് മാറ്റത്തിന്‍റെ മുഖമാകുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 717 കോടിയുടെ മാസ്റ്റര്‍പ്ലാന്‍ കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്നു. ഒന്നാംഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയായി ഉദ്ഘാടനം നടന്നു. രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ എംഎല്‍ടി ബ്ലോക്ക്, ഒടി ബ്ലോക്ക്, എസ്എടിയുടെ പുതിയ ബ്ലോക്ക് എന്നിവയുടെ നിര്‍മാണം പുരോഗമിച്ചു വരുന്നു.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടാതെ എംആര്‍ഐ, സിടി തുടങ്ങിയ അത്യാധുനിക ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിനും കിഫ്ബി ഫണ്ട് ഉപയോഗിക്കുന്നുണ്ട്. ആര്‍.സി.സി-യുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 187.22 കോടി രൂപ സംസ്ഥാന പദ്ധതി വിഹിതം വിനിയോഗിച്ചുകൊണ്ടുള്ള നിര്‍മാണമാണ് പുരോഗമിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ സര്‍ജിക്കല്‍ ബ്ലോക്കിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 228 കോടിയാണ് അനുവദിച്ചത്.
കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ട്രോമ കെയര്‍ ബ്ലോക്കിനും നവീകരണത്തിനുമായി 124.95 കോടിയാണ് അനുവദിച്ചത്. കാസര്‍കോട് മെഡിക്കല്‍ കോളേജിന്‍റെ നിര്‍മാണത്തിനായി 160 കോടിയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒപി ബ്ലോക്ക് നിര്‍മ്മിക്കാന്‍ 187.5 കോടിയുമാണ് ചെലവ്. ആയുഷ് മേഖലയിലും വന്‍വികസന മുന്നേറ്റം. പണി തീര്‍ന്ന പദ്ധതികള്‍ക്ക് പുറമെ 4000 കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് നിര്‍മാണ ഘട്ടത്തിലുളളത്.