റാപ്പര്‍ വേടനെതിരെ വനം വകുപ്പ് സ്വീകരിച്ച നടപടികളെ സംബന്ധിച്ച് അഡിഷണല്‍ ചീഫ് സെക്രട്ടറി വനം മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വനംവകുപ്പിന്‍റെ നടപടികള്‍ അതിരുകടുന്നുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതും ഉദ്യോഗസ്ഥര്‍ പരസ്യ പ്രസ്താവന നടത്തിയതും വലിയ വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു.
ഇത്രയൊക്കെ വേണമായിരുന്നോ റാപ്പര്‍വേടനെതിരെയുള്ള വനംവകുപ്പ് നടപടികള്‍ എന്ന ചോദ്യമാണ് സര്‍ക്കാരിലെ ഉന്നതര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. ഡി.എഫ്.ഒ, റെയിഞ്ച് ഒാഫീസര്‍തുടങ്ങി പുലിപ്പല്ല് കേസ് അന്വേഷിച്ച് ഉദ്യോഗസ്ഥരുടെ നടപടി ചട്ടപ്രകാരമാണോ അതോ അതിര് കടന്നോ, മാധ്യമങ്ങളോട് ഉദ്യോഗസ്ഥര്‍ പറഞ്ഞ കാര്യങ്ങളില്‍ യാഥാര്‍ഥ്യമുണ്ടോ എന്നിവ ഉള്‍പ്പെടെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് വനം വകുപ്പിന്‍റെ ചുമതലയുള്ള അഡിഷണല്‍ചീഫ് സെക്രട്ടറി വനം മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഞ്ചാവ് കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് പുലിപ്പല്ല് കൈവശം വെച്ചതിന് റാപ്പര്‍ വേടനെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തതും ഗുരുതര വകുപ്പുകള്‍ചുമത്തി കേസെടുത്തതും. സംരക്ഷിത മൃഗത്തെ വേട്ടയാടി എന്നതുള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തി. അതും കൊണ്ടും തീര്‍ന്നില്ല വനംവകുപ്പിന്‍റെ അമിതാവേശം. ശ്രീലങ്കന്‍ബന്ധമുള്ള ഒരാളാണ് റാപ്പര്‍വേടന് പുലിപ്പല്ല് നല്‍കിയതെന്ന പരസ്യപ്രസ്തവാനയും നടത്തി ഉദ്യോഗസ്ഥര്‍.
വേടന്‍ വനംവകുപ്പിന്‍റെ റഡാറിലായിരുന്നുവെന്ന് പറഞ്ഞ് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്യോഗസ്ഥരുടെ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ വനം വകുപ്പ് നടപടികള്‍ അവധാനതയോടെ വേണമായിരുന്നു എന്ന് പരസ്യമായി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സിപിഎം സംസ്ഥാനസെക്രട്ടറി എം.വിഗോവിന്ദന്‍ എന്നിവരും വനം വകുപ്പ് നടപടികളെ വിമര്‍ശിച്ചിരുന്നു.