നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ദക്ഷിണേഷ്യയുടെ സമുദ്ര ഗതാഗതത്തിന്റെ കവാടമായിരുന്നു വിഴിഞ്ഞം. രാഷ്ട്രീയ സാഹചര്യങ്ങളും ഭരണാധികാരികളുടെ നിശ്ചയദാര്‍ഢ്യമില്ലായ്മയുമാണ് ആധുനികകാലത്തെ മദര്‍പോര്‍ട്ടായി വിഴിഞ്ഞം മാറാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവന്നത്. ലോകത്തെ ഏറ്റവും വലിയ കപ്പലിനുപോലും നങ്കൂരമിടാന്‍ പാകത്തില്‍ വിഴിഞ്ഞം വിളിക്കുന്നത് നിരവധി ചരിത്രസന്ധികള്‍ മറികടന്ന്.
വിഴിഞ്ഞത്ത് അറബിക്കടലിന്റെ ആഴം എല്ലാവര്‍ക്കും ബോധ്യമായ ദിവസമായിരുന്നു 2025 ഏപ്രില്‍ ഒന്‍പത്. ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ കണ്ടെയ്നര്‍ കപ്പലെന്ന ഖ്യാതിയുള്ള എം.എസ്.സി തുര്‍ക്കിയെ വിഴിഞ്ഞം തീരമണഞ്ഞു. 24,326 ടി.ഇ.യു ശേഷിയുള്ള ആറുകപ്പലുകളിലൊന്നാണ് തുര്‍ക്കിയെ. നാനൂറ് മീറ്റര്‍ നീളമുള്ള തുര്‍ക്കെ അനായാസം നങ്കൂരമിട്ടപ്പോള്‍ ചരിത്രം തിരയടിക്കുകയായിരുന്നു.
ദക്ഷണിണേഷ്യയുടെ തന്നെ ഏറ്റവും പുരാതനമായ തുറമുഖം ആകേണ്ടിയിരുന്ന സ്ഥാനമാണ് വിഴിഞ്ഞം.അല്‍പം പഴങ്കഥ. കുലശേഖര, ചോള രാജവംശങ്ങളുടെ കാലത്തുതന്ന ഇവിടെ പായ്ക്കപ്പലുകള്‍ അടുത്തിരുന്നു. എഡി 850 മുതല്‍ 1400 വരെയുള്ള കാലഘത്തില്‍ കുലശേഖര രാജവംശവും പിന്നീട് ചോളന്മാരും ഒട്ടേറെ യുദ്ധങ്ങൾക്ക് ആയുധം എത്തിച്ചത് വിഴിഞ്ഞം വഴിയായിരുന്നു. സംഘകാലത്തിലെ കൃതികളിലും വിഴിഞ്ഞത്തെക്കുറിച്ച് പരാമർശം ഉണ്ട്. 2010 കേരള സർവകലാശാലയിലെ പ്രൊഫസർ ഡോക്ടർ രാജകുമാറും സംഘവും ഇവിടെ നടത്തിയ ഉത്ഖനനത്തിൽ കിട്ടിയ വിലപ്പെട്ട പുരാവസ്തുക്കൾ ഇതിന് തെളിവ്. ആധുനികകാലത്തെ വിഴിഞ്ഞം തുറമുഖത്തിനായുള്ള ആദ്യ നീങ്ങിക്കങ്ങൾ ഉണ്ടായത് സ്വാതന്ത്ര്യത്തിനു മുൻപ് 1946ൽ .അന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ സൂപ്പർവൈസറായി നിയമിതനായത് ഡി. ഗോവിന്ദമേനോൻ ആ കഥ 2013 ജനുവരിയില്‍ നമുക്ക് വേണം വിഴിഞ്ഞം എന്ന മനോരമ ന്യൂസ് പ്രത്യേക പരിപാടിയില്‍ പറഞ്ഞു.
ഡി. ഗോവിന്ദമേനോന്‍, വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ സൂപ്പര്‍വൈസര്‍, തുറമുഖത്തിന്റെ സാധ്യതകളെക്കുറിച്ച് പിന്നീട് ചർച്ചകൾ ഉണ്ടായി കപ്പലുകളിലേക്ക് ഭക്ഷണവും വെള്ളവുംമറ്റു സൗകര്യങ്ങളും എത്തിക്കുന്ന തുറമുഖമായി വിഴിഞ്ഞത്തെ മാറ്റാമെന്ന് വർഷങ്ങൾക്ക് മുൻപ് ശുപാർശചെയ്തിരുന്നു. 1979ല്‍ തുറമുഖ വകുപ്പ് ഡയറക്ടർ ആയിരുന്ന ക്യാപ്റ്റൻ പി കെ.ആർ.നായരുടെ നേതൃത്വത്തിൽ അമേരിക്കയിലെ തുറമുഖങ്ങൾ സന്ദർശിച്ച് പഠന റിപ്പോർട്ട് സമർപ്പിച്ചിരുന്നു.പിന്നീട് പലകാലങ്ങളില്‍ പലപദ്ധതിറിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും പ്രതിരോധ വകുപ്പിന്റെയും മാനദണ്ഡങ്ങൾ പാലിക്കാനാകാതെ എല്ലാം പാതിവഴിയിൽ ഉപേക്ഷിച്ചു.2013 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുറമുഖനിര്‍മാണത്തിന് ക്ഷണിച്ച ആഗോള ടെന്‍ഡന്‍ പദ്ധതിക്ക് പുതുജീവന്‍പകര്‍ന്നു
2015 ഓഗസ്റ്റില്‍ ഗൗതം അദാനി വിഴിഞ്ഞത്തില്‍ താല്‍പര്യമെടുത്ത് വന്നതോടെയാണ് പദ്ധതിപാളത്തിലേറി. ഏറ്റെടുക്കാന്‍ പോകുന്ന വെല്ലുവിളി അദ്ദേഹമന്ന് മനോരമ ന്യൂസിനോട് പങ്കിടുകയും ചെയ്തു.എന്നിട്ടും വര്‍ഷം പത്തുകഴിയേണ്ടിവന്നു ലക്ഷണമൊത്ത തുറമുഖമാകാന്‍.തുറമുഖത്തിനെതിരെ ഉയര്‍ന്ന പ്രശ്നങ്ങള്‍ നേരിട്ട് പിണറായി വിജയന്‍ സര്‍ക്കാര്‍ പദ്ധതിയുമായിമുന്നോട്ടുപോയി.വിഴിഞ്ഞം തുറമുഖം കേരളത്തിന്റെയല്ല രാജ്യത്തിന്റെ തന്നെ വികസനമേഖലയിലെ ആണിക്കല്ലാകാന്‍ പോകുകയണ്.നൂറ്റാണ്ടുകള്‍ക്കുമുമ്പുണ്ടായിരുന്ന ചരിത്രം പുതിയ വഴിയിലേക്ക് തിരിയുകയാണ്.