sandheep

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആദ്യമേ എത്തി സ്ഥാനം പിടിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഈ സംഭവത്തില്‍ പ്രതികരണവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും എത്തിയിരുന്നു. അതില്‍ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രതികരണങ്ങളില്‍ ഒന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റേത്. രാജീവ് കാണിച്ചത് അല്‍പ്പത്തരമാണ് എന്നായിരുന്നു റിയാസ് പ്രതികരിച്ചത്. 

റിയാസിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്‍റായ സന്ദീപ് വാചസ്പതി. അച്ഛനോ അപ്പൂപ്പനോ മുഖ്യമന്ത്രി ആയതിന്‍റെ പേരിൽ അല്ല ബിജെപി സംസ്ഥാന അധ്യക്ഷൻ വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ കയറി ഇരുന്നതെന്നും പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണെന്നുമാണ് സന്ദീപ് പറയുന്നത്. മന്ത്രിയുടെ മകൻ അപ്പൂപ്പന്‍റെ കൈ പിടിച്ച് കാഴ്ച കാണാൻ പോയ വഴിക്ക് സർക്കാർ യോഗത്തിൽ കയറി ഇരുന്നത് ഏത് കെയർ ഓഫിൽ ആയിരുന്നു എന്ന് വിശദീകരിച്ചിട്ട് പോരെ വിമര്‍ശനമെന്നും ചോദിക്കുന്നുണ്ട്.  സ്വന്തം വീട്ടിലെ അൽപ്പന്മാരെ നിലയ്ക്ക് നിർത്തിയിട്ട് നാട്ടുകാരെ നന്നാക്കാൻ ഇറങ്ങാം എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. റിയാസിന്‍റെ പ്രതികരണത്തിനൊപ്പം മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ട്രോള്‍ രൂപേണ ഒരു വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ട മുഹമ്മദ് റിയാസ് അറിയാൻ, അച്ഛനോ അപ്പൂപ്പനോ മുഖ്യമന്ത്രി ആയതിന്‍റെ പേരിൽ അല്ല ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖര്‍ ജി വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ കയറി ഇരുന്നത്. രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ്.  താങ്കളുടെ മകൻ അപ്പൂപ്പന്‍റെ കൈ പിടിച്ച് കാഴ്ച കാണാൻ പോയ വഴിക്ക് സർക്കാർ യോഗത്തിൽ കയറി ഇരുന്നത് ഏത് കെയർ ഓഫിൽ ആയിരുന്നു എന്ന് വിശദീകരിച്ചിട്ട് പോരെ മുൻ കേന്ദ്ര മന്ത്രി കൂടിയായ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ ഒക്കെ വിമർശിക്കുന്നത്. താങ്കളുടെ ഭാര്യ ശ്രീമതി വീണയും മകനും അമ്മായിയമ്മയും ഒക്കെ തുറമുഖ അവലോകന യോഗത്തിൽ പങ്കെടുത്തിലും വലിയ അൽപ്പത്തരം മറ്റാരെങ്കിലും കാണിച്ചിട്ടുണ്ടോ? ആദ്യം സ്വന്തം വീട്ടിലെ അൽപ്പന്മാരെ നിലയ്ക്ക് നിർത്തു. എന്നിട്ട് നാട്ടുകാരെ നന്നാക്കാൻ ഇറങ്ങാം.

ENGLISH SUMMARY:

BJP Alappuzha South district president Sandeep Vachaspati has responded to Riyas's criticism of Rajeev Chandrasekhar, defending the BJP leader’s role and presence in the Vizhinjam project.