കേരള മനഃസാക്ഷിയെ പിടിച്ചുലച്ച പലകേസുകളിലും പ്രതിഭാഗത്തിനായി എത്തിയിരുന്നത് അന്തരിച്ച ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂരായിരുന്നു. ആളൂരിന്‍റെ മരണം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും ചില കേസുകളിലേക്കുള്ള തിരിഞ്ഞുനോക്കലുകള്‍ക്കും കാരണമായിരുന്നു. ആളൂരിന്‍റെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ അനുശോചനത്തിന് പകരം പലരും ‘അയാള്‍ മരണം അര്‍ഹിക്കുന്നു’വെന്നും ‘മരണത്തില്‍ സന്തോഷ’മെന്നുമൊക്കെയാണ് പറഞ്ഞത്. അതിന് നിരത്തിയ ന്യായീകരണമാകട്ടെ ക്രൂരപീഡനങ്ങളും കൊലപാതകങ്ങളും നടത്തിയവര്‍ക്കുവേണ്ടി വാദിക്കാന്‍ എത്തിയ ആളാണ് ആളൂര്‍ എന്നതും.
എന്നാല്‍ സാമൂഹ്യമാധ്യമങ്ങളിലെ ഇത്തരം അതിരുവിട്ട വാദങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമണ്ണ. വാദിയാണെങ്കിലും പ്രതിയാണെങ്കിലും തന്‍റെ കക്ഷിയുടെ ഭാഗം വാദിക്കുക എന്നതാണ് വക്കീലിന്‍റെ ജോലിയെന്നും ആളൂർ ചെയ്തത് വക്കീലിന്‍റെ ജോലി മാത്രമാണെന്നും അദ്ദേഹം പറയുന്നു. മഹാത്മാഗാന്ധിയുടെ കൊലപാതകികൾക്ക് പോലും വാദിക്കാൻ വക്കീൽ ഉണ്ടായിരുന്നു എന്നോർക്കണമെന്നും അദ്ദേഹം കുറിച്ചു.
ഏപ്രില്‍ 30നാണ് വൃക്കരോഗത്തിന് ചികില്‍സയിലിരിക്കേ അഡ്വക്കേറ്റ് ബി.എ.ആളൂര്‍ വിടവാങ്ങിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഗോവിന്ദച്ചാമി, കൂടത്തായി ജോളി തുടങ്ങിയ കുപ്രസിദ്ധ പ്രതികള്‍ക്കായി ഹാജരായ ആളൂര്‍ ഇലന്തൂര്‍ ഇരട്ടനരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു.