ശബരിമലയിൽ തീർത്ഥാടകർക്ക് വഴികാട്ടിയായിരുന്ന മുഴങ്ങുന്ന ശബ്ദം ഇനിയില്ല. 23 വർഷമായി ശബരിമലയിലെ അനൗൺസർ ആയിരുന്ന ഗോപാലകൃഷ്ണൻ നായർ അന്തരിച്ചു. നാളെയാണ് സംസ്കാരം
പമ്പ മുതൽ ശബരിമല സന്നിധാനം വരെ മണ്ഡലകാലത്തും മാസപൂജ കാലത്തും മുഴങ്ങിയിരുന്ന ശബ്ദം ഗോപാലകൃഷ്ണന്റെതായിരുന്നു. കൂട്ടുപിരിഞ്ഞ ഒട്ടേറെ തീർത്ഥാടകരെ ഈ ശബ്ദം ഒരുമിച്ചു ചേർത്തു. ശബരിമലയുടെ മഹത്വവും വഴിപാടുകളും മുന്നറിയിപ്പുകളും ഇടതടവില്ലാതെ പുലർച്ചെ മുതൽ രാത്രി വരെ തടഞ്ഞു കൊണ്ടേയിരുന്നു.
ആറുവർഷം കലാനിലയം നാടകവേദിയിൽ ആയിരുന്നു ഗോപാലകൃഷ്ണൻ. നാടകവേദിയിലെ അനൗൺസ്മെന്‍റ് കേട്ടാണ് ശബരിമലയിലേക്ക് ക്ഷണിച്ചത്. വരുമാനം കുറവെങ്കിലും അയ്യപ്പന്‍റെ അടുത്തിരിക്കാൻ കഴിയുന്നത് ഭാഗ്യമെന്നായിരുന്നു ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നത്
ചെറുകോൽപ്പുഴ കൺവെൻഷനിലും മാരാമൺ കൺവെൻഷനിലും ഗോപാലകൃഷ്ണൻ അനൗൺസർ ആയിരുന്നു. കോൺഗ്രസ് പ്രവർത്തകൻ കൂടിയായ ഗോപാലകൃഷ്ണൻ നായർ. കുറച്ചുകാലമായി രോഗബാധിതനായിരുന്നു ഇന്നലെ അടൂരിലെ ആശുപത്രിയിലായിരുന്നു മരണം. നാളെ കോഴഞ്ചേരിയിലെ പൊതു ദർശനത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.