വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. വിഴിഞ്ഞം തുറമുഖം നാളെ രാജ്യത്തിന് സമര്‍പ്പിക്കും. വെള്ളയമ്പലത്ത് പ്രധാനമന്ത്രി വരുന്ന വഴിയില്‍ ബി.ജെ.പി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. വഴിവിളക്ക് കത്തുന്നില്ലെന്നും സുരക്ഷാവീഴ്ചയെന്നും ആരോപിച്ചാണ് പ്രതിഷേധം. പ്രധാനമന്ത്രി താമസിക്കുന്ന രാജ് ഭവന് സമീപമാണ് പ്രതിഷേധം.
നാളെ രാവിലെ 11 നാണ് കമ്മിഷനിങ് ചടങ്ങ്. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കമ്മീഷനിങ്ങില്‍ പങ്കെടുക്കും. പ്രതിപക്ഷനേതാവ് വിട്ടുനില്‍ക്കും. ഈഫല്‍ ടവറിനേക്കാള്‍ ഉയരമുള്ള കൂറ്റന്‍ കപ്പലാണ് കമ്മീഷനിങ്ങിന്‍റെ ഭാഗമായി നാളെ വിഴിഞ്ഞത്തെത്തുന്നത്. രാജ്ഭവനില്‍ താമസിക്കുന്ന പ്രധാനമന്ത്രി രാവിലെ 10.15ന് ഹെലികോപ്റ്റര്‍ മാര്‍ഗം വിഴിഞ്ഞത്തെത്തും. പോര്‍ട്ട് ഓപ്പറേഷന്‍ സെന്‍ററും ബെര്‍ത്തും നടന്ന് കണ്ട ശേഷം 11 മണിയോടെ കമ്മീഷനിങ് ചടങ്ങ്. മുഖ്യമന്ത്രിയും ഗവര്‍ണറും മൂന്ന് കേന്ദ്രമന്ത്രിമാരും നാല് സംസ്ഥാന മന്ത്രിമാരും മേയറും കൂടാതെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും വേദിയിലുണ്ടാവും.
400 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുള്ള MSC സെലിസ്റ്റിനോ മെരിക്ക എന്ന വമ്പന്‍ കപ്പല്‍ കമ്മീഷനിങ് സമയം ബെര്‍ത്ത് ചെയ്യും. അഭിമാന നിമിഷം കാണാന്‍ നാട്ടുകാര്‍ക്കും അവസരമുണ്ട്. രാവിലെ എട്ടിന് മുന്‍പ് വിഴിഞ്ഞത്തെന്നുവര്‍ക്കാണ് പ്രവേശനം.